മാന്‍ഹോൾ വീടാക്കിയ കള്ളന്മാർ പിടിയിൽ; തൊണ്ടിമുതലുകള്‍ കണ്ട് ഞെട്ടി പൊലീസ്

രാജ്യതലസ്ഥാനത്ത് മോഷണങ്ങൾ പതിവാക്കിയ കള്ളന്മാർക്കായുള്ള പൊലീസ് അന്വേഷണം എത്തിയത് മാൻഹോളിനുള്ളിൽ. അഞ്ച് കള്ളന്മാരാണ് പൊലീസിനെ വെട്ടിച്ച് നഗരമധ്യത്തിലെ മാൻഹോളിനുള്ളിൽ സുഖജീവിതം നയിച്ചുവന്നത്. 

വലിപ്പം കുറവാണ്,വൈദ്യുതിയില്ല, വായുസഞ്ചാരവുമില്ല..പക്ഷേ ഇതൊന്നും ഈ അഞ്ച് പേര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. കിടക്കകളും പുതപ്പുമൊക്കെയായി സുഖജീവിതം. മോഷ്ടിച്ചുകൊണ്ടുവരുന്ന ലാപ്ടോപ്പും ഫോണും വാച്ചും ഉൾപ്പെടെ എല്ലാ സാധനസാമഗ്രികളും ഇവർ സൂക്ഷിക്കുന്നത് പോഷ് പട്ടേൽ നഗറിലെ ഈ മാന്‍ഹോളിനുള്ളിലാണ്. 

കഴിഞ്ഞ ആറ് മാസമായി പ്രദേശത്തെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. സൂരജ്, അജയ്, അസ്‌ലം,ജയ് പ്രകാശ്, രാജേന്ദര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.  ബസ് സ്റ്റാൻഡുകളും കവലകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുമ്പോൾ അഞ്ചംഗസംഘം മാൻഹോളിന് 10 മീറ്റർ ആഴത്തിൽ മറഞ്ഞിരിക്കുകയായിരുന്നു. ഒടുവിൽ എസിപി രോഹിത് രാജ്ഭിർ സിങ്ങിൻറെ നേതൃത്വത്തിൽ നട‌ത്തിയ അന്വേഷണത്തിലാണ് മാൻഹോൾ 'വീട്' കണ്ടെത്തിയത്. 10 വർഷത്തോളം പഴക്കമുള്ള മാൻഹോൾ ആണിതെന്ന് പൊലീസ് പറയുന്നു.