ബൊപ്പയ്യ തുടരട്ടെ; എല്ലാം തല്‍സമയം കാണട്ടെ; രണ്ട് അജന്‍ഡകള്‍ മാത്രം: കോടതി

കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി തുടരും. മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടെം സ്പീക്കറായി നിയമിക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും അല്ലാതെ മറ്റൊന്നും അജന്‍ഡയാകരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.

മധ്യവേനലവധി ദിവസമായിട്ടും കോടതി അസാധാരണസിറ്റിങ് നടത്തുകയായിരുന്നു. മുപ്പത് മിനിറ്റ് നീണ്ട വാദത്തിനിടയില്‍ കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി. മുതിര്‍ന്ന അംഗം അല്ലാത്തയാളെ പ്രോടെം സ്പീക്കറാക്കിയ ചരിത്രം മുന്‍പുമുണ്ട്. മുതിര്‍ന്ന അംഗത്തെ നിയമിക്കണമെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ല. അത് കീഴ്‍വഴക്കം മാത്രമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഉത്തരവിടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു. ബൊപ്പയ്യയുടെ വിശ്വാസ്യത ചോദ്യം ചെയ്യണമെന്നാണോ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് എസ്.എ.ബൊബഡെ ചോദിച്ചു. വേണമെങ്കില്‍ നോട്ടിസ് അയക്കാം. അങ്ങനെയെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ്, തന്ത്രപരമായി ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങി. ഇതിനിടെയാണ് വിശ്വാസവോട്ടെടുപ്പ് തല്‍സമയം പ്രാദേശികചാനലുകള്‍ കാണിക്കുമെന്ന് കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. മുഴുവന്‍ ചാനലുകള്‍ക്കും അനുമതി നല്‍കാന്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും പ്രോടെം സ്പീക്കര്‍ വിഷയം കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയായി.‌