അരയില്‍ തോക്കുമായി സിദ്ധരാമയ്യയെ ഹാരമണിയിച്ച് യുവാവ്; സുരക്ഷാ വീഴ്ച

ബെംഗളൂരു സൗത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത റോഡ് ഷോയില്‍ വന്‍ സുരക്ഷാ വീഴ്ച. തോക്കുമായി എത്തിയ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ ഹാരമണിയിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഡിവാളയ്ക്ക് സമീപം സൗമ്യ റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്തവെ സിദ്ധരാമയ്യയെ അരയില്‍ തോക്കുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹാരമണിയുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. 

അരയില്‍ തോക്ക് തൂക്കിയിട്ട് തുറന്ന വാഹനത്തില്‍ കയറി ഇയാൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോൺഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാർത്ഥികളെയും  മാല ചാർത്തുന്നത് വീഡിയോയിൽ കാണാം. സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളാണ് തോക്കുമായി എത്തിയത്. സിദ്ധാപൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇദ്ദേഹം. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആക്രമണത്തിന് ഇരയായതിനാൽ തോക്ക് കൈവശം വച്ചിട്ടുണ്ടെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ലൈസൻസുള്ള ആയുധമാണിതെന്നും അതിനാൽ തോക്ക് സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും ഇദ്ദേഹത്തിന്‍റെ വാദം സ്ഥിരീകരിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര യെദ്യൂരപ്പ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, റോഡ്ഷോയ്ക്കിടെ മുഖ്യമന്ത്രിയെയും കോൺഗ്രസ് സ്ഥാനാർത്ഥികളെയും തോക്കുധാരിയായ ഒരാൾ മാല അണിയിച്ചു. ഭയാനകമായ സംഭവവികാസമാണ്.സ്വയംരക്ഷയ്ക്കായി തോക്ക് ലൈസൻസ് എടുക്കുന്നവരിൽ നിന്ന് ആയുധങ്ങൾ കൈവശപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രക്രിയ തീരും വരെ കൂടെ സൂക്ഷിക്കുകയും ചെയ്യുന്ന പോലീസ് എന്തുകൊണ്ട് ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുത്തില്ല എന്നത് ദുരൂഹമാണ്. .ആരാണ് ഇയാൾ? ഇയാളുടെ പശ്ചാത്തലം അന്വേഷിക്കണം.ഇത്തരക്കാരെ വെച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്താൻ പോവുകയാണെന്ന് സംഭവം തെളിയിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഈ സംഭവത്തിൽ ഇന്ന് ഗൗരവമായ നടപടിയെടുക്കുക.ഇതോടൊപ്പം സാമൂഹ്യവിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാകുകയും സമാധാനപരമായ പോളിംഗ് നടത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും വേണം''.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാൽ സുരക്ഷാ പ്രോട്ടോക്കോൾ ലംഘനങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലും എതിര്‍ചേരികളിലും വലിയ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലില്‍ വന്നാല്‍ എല്ലാ തോക്കുകളും മറ്റും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സമര്‍പ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആയുധങ്ങൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകുകയാണ് പതിവ്.

A young man garlanded Siddaramaiah with a gun on his waist