'ബി.ജെ.പിയിൽ ചേരാൻ കോൺഗ്രസ് എം.എൽ.എമാർക്ക് 50 കോടി വാഗ്ദാനം ചെയ്തു'; സിദ്ധരാമയ്യ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യയിൽ 'ഓപ്പറേഷൻ താമര' നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  തിരഞ്ഞെടുപ്പ് കാലത്ത്  ബി.ജെ.പിയിൽ ചേരാൻ കോൺഗ്രസ് എം.എൽ.എമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ധരാമയ്യയുടെ ആരോപണം. 

"കഴിഞ്ഞ ഒരു വർഷമായി അവർ എന്‍റെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവരെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു," എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വീഴുമോ എന്ന ചോദ്യത്തിന് അതൊരിക്കലും ഉണ്ടാകില്ലെന്നും  ഒരു എം.എൽ.എ പോലും ഞങ്ങളുടെ പാർട്ടി വിടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്‍റെ കീഴിലുള്ള കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കുമെന്നും സിദ്ധരാമയ്യ ഉറപ്പിച്ചു. 

കർണാടക മുഖ്യമന്ത്രിയുടെ എല്ലാ ആരോപണങ്ങളും നിർഭാഗ്യകരമാണെന്നും സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെ സഹതാപം നേടാൻ വേണ്ടി മാത്രം ഇത്തരം ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണെന്നുമാണ് ബിജെപി എം.പി എസ്.പ്രകാശ് പറഞ്ഞത്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 28 സീറ്റുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം കസേര നിലനിർത്തുന്നതിൽ മാത്രമാണ് സിദ്ധരാമയ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിജെപി എംപി പറഞ്ഞു.  കർണാടകയിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പ്രധാന വിഷയങ്ങളിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.