ഈ സഖ്യത്തെ ബിജെപി പേടിക്കണം; വെറും 6 ലോക്സഭാ സീറ്റിലൊതുങ്ങും: കണക്കുകള്‍ ഇങ്ങനെ

ബിജെപിയെ ഏതു വിധേനയും അധികാരത്തി‌ലേറ്റാതിരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ്. സ്വപ്നം യാഥാർത്ഥ്യമായാൽ അത് ദീർഘകാലത്തേക്ക് കോൺഗ്രസിന് ഗുണകരമാകും. കന്നഡ മണ്ണും കടന്ന് ദേശീയരാഷ്ട്രീയത്തിൽ തന്നെ ആ സഖ്യം നിർണ്ണായകമാകും. സഖ്യം അത് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കശക്കിയെറിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

കണക്കുകൾ നൽകുന്ന ചിത്രം ഇങ്ങനെ:

നിലവിലെ തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയാൽ സഖ്യം നിലവിൽ വന്നാൽ കർണാടകയിൽ നിന്ന് 6 ലോക്സഭാ സീറ്റുകൾ മാത്രമായിരിക്കും ബിജെപി നേടുക– ബംഗാൾകോട്ടെ, പാവേരി, ധാർവാർഡ്, ഉഡുപ്പി–ചിക്കമംഗളൂർ, ദക്ഷിണകന്നഡ, ബാംഗ്ലൂർ സൗത്ത് എന്നിവ. ഹൈദരാബാദ് കർണ്ണാടകയിലും തെക്കൻ കർണ്ണാടകയിലും ബിജെപി നേട്ടമുണ്ടാക്കാൻ സാധ്യതയില്ല. 

അതേസമയം ജെഡിഎസിന്റെ പിൻബലത്തോടെ കർണ്ണാടകയിൽ നിന്നും 22 സീറ്റുകൾ കോൺഗ്രസ് നേടിയേക്കാം എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷം കോൺഗ്രസ് ഒറ്റക്കുനിന്നു പോരാടി നേടിയതിന്‍റെ ഇരട്ടിയാകും.  അങ്ങനെ വന്നാൽ നിർണ്ണായകമായ തിരഞ്ഞെടുപ്പു കൂട്ടുകെട്ടായിരിക്കും ജെഡിഎസ്–കോൺഗ്രസ് സഖ്യത്തിലൂ‍ടെ പിറവിയെടുക്കുക. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ജെഡിഎസും ജെഡിഎസുമായി മുൻപ് സഖ്യത്തിലേര്‍പ്പെട്ട ബിഎസ്പിയും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപി 68 നിയമസഭാ സീറ്റുകളിലേക്ക് ഒതുങ്ങുമായിരുന്നുവെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തം. കോൺഗ്രസ്–ജെഡിഎസ് വോട്ടുകള്‍ സമാഹരിക്കപ്പെട്ടിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുതിയ സഖ്യത്തിന് 156 സീറ്റുകളും ലഭിക്കുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വിദഗ്ദര്‍ കണക്ക് നിരത്തുന്നു. എന്നാൽ കർണ്ണാടകയിൽ ആത്മവിശ്വാസം കൂടുതലായിരുന്നു കോൺഗ്രസ് നേതാക്കൾക്ക്. 

കർണ്ണാടകയിൽ നിലവിലെ തിരഞ്ഞെടുപ്പുചിത്രം ഉത്തർപ്രദേശിലേതിനു സമാനമാണ്. എസ്പിയും ബിഎസ്പിയും ബിജെപിയും ശക്തി തിരിച്ചറിയാതെ ഒറ്റക്കു മത്സരിച്ചപ്പോൾ വിജയം ബിജെപിക്കൊപ്പമായിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനെയും ലോക്സഭാ തിരഞ്ഞെടുപ്പിനെയും ഒരേ തുലാസിൽ അളക്കാനാവില്ല. എങ്കിലും ഇനിയങ്ങോട്ടുള്ള നീക്കം എങ്ങനെയായിരിക്കണമെന്ന് പ്രതിപക്ഷത്തിന് വ്യക്തമാക്കി നല്‍കുന്നതാണ് കർണ്ണാടകയിലെ ചിത്രം. ഈ കണക്കുകൾ ബിജെപിക്ക് രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്.