ഡോ.രാജശേഖരനായി ഭാര്യ പെണ്‍കുട്ടികളെ ‘സപ്ലൈ’ ചെയ്തു’; ടോളിവുഡിനെ കുലുക്കി പുതിയ ആരോപണം

ശ്രീ റെഡ്ഢി ഉയർത്തിയ കൊടുങ്കാറ്റ് തെലുങ്ക് സിനിമയിൽ അവസാനിക്കുന്നില്ല. സൂപ്പർതാരം ഡോ.രാജശേഖരനും ഭാര്യ ജീവിത രാജശേഖരനുമെതിരെ ആരോപണം. ഭര്‍ത്താവിന്‍റെ കാമപൂര്‍ത്തീകരണത്തിനായി ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയെന്ന് ചാനല്‍ ചര്‍ച്ചയില്‍ സന്ധ്യ.

രാംഗോപാല്‍ വര്‍മ കുറിച്ചത് തെലുങ്ക് സിനിമാ ലോകത്തെ ഝാന്‍സി റാണിയാണ് നടി ശ്രീ റെഡ്ഢി എന്നാണ്. ഏതായാലും അവർ തുടങ്ങി വെച്ച കാസ്റ്റിങ് കൗച്ച് കലഹം തെലുങ്ക് സിനിമാ ലോകത്തെ ഒന്നടങ്കം ഉലച്ചുകൊണ്ടിരിക്കുന്നു. വിവസ്ത്രയായി തെരുവിൽ പ്രതിഷേധിച്ച് ശ്രീ റെഡ്ഢി തുടങ്ങി വെച്ച കലഹം ജൂനിയർ ആർട്ടിസ്റ്റുകളും ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. സിനിമയിൽ ഒരു അവസരം കിട്ടാൻ വേണ്ടി സംവിധായകൻ പറയുന്നത് എന്തും ചെയ്യാനാണ് തങ്ങളുടെ വിധിയെന്ന് തുറന്നു പറഞ്ഞ് 15 ജൂനിയർ ആർട്ടിസ്റ്റുകൾ പത്രസമ്മേളനം നടത്തിയതും ശ്രീയുടെ പോരാട്ടത്തിനുളള അംഗീകാരമായിരുന്നു.

പ്രമുഖ സാമൂഹ്യപ്രവർത്തകയായ സന്ധ്യയാണ് അടുത്ത വെടി പൊട്ടിച്ചത്. ഇത്തവണ കുടുങ്ങിയത് സൂപ്പർ താരം ഡോ. രാജശേഖറും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായി ജീവിത രാജശേഖരനും. ഭർത്താവിന്റെ കാമപൂർത്തീകരണത്തിന് കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്നാണ് പുതിയ ആരോപണം. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പ്രലോഭനങ്ങള്‍ നടത്തിയും ഭീഷണി മുഴക്കിയും തന്റെ ഭര്‍ത്താവിന് ലൈംഗികമായി ഉപയോഗിക്കുന്നതിനായി ജീവിത പറഞ്ഞു വിടുമെന്നാണ് വനിത സംഘടന പ്രവര്‍ത്തകയായ സന്ധ്യ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഇന്നലെ രാത്രി ആരോപിച്ചത്.   

ഇതിനിടെ വിവാദത്തിലേക്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണും കടന്നെത്തി. ശ്രീ റെഡ്ഢി തെരുവില്ല, നിയമ പരമായാണ് പോരാടേണ്ടിയിരുന്നെന്ന പവന്‍റെ പ്രതികരണത്തോട് അതിരൂക്ഷമായാണ് ശ്രീ മറുപടി നല്‍കിയത്. കഷ്ടപ്പെട്ട് വായ തുറക്കേണ്ടെന്നും അല്‍പം മാന്യത കാട്ടു എന്നുമായിരുന്നു നടി പറഞ്ഞത്. 

‘സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയത്തിൽ പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവരുടെ ഇടപെടലുകള്‍ പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്താനാകും. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത് എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു. അതിനു പകരം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്’. ഇതായിരുന്നു റെഡ്ഢിയുടെ പ്രതികരണം.  തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും..’ ഇത്രകൂടി പറ‍ഞ്ഞു ശ്രീ റെഡ്ഢി.