ഇനി ‘272’ അംഗങ്ങള്‍‌; ആ മാന്ത്രികസംഖ്യ മോദിക്ക് നല്‍കുന്ന ആപത്‌‌സൂചനകള്‍ ഇതാ

2014ല്‍ പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ സാഷ്ടാംഗം പ്രണമിച്ച് ചരിത്രവിജയം നേടി അധികാരത്തിലേറുന്ന നരേന്ദ്രമോദി. ചുറ്റും മിന്നിതെളിഞ്ഞ ക്യാമറ ഫ്ളാഷുകള്‍ക്കൊപ്പം 282 എന്ന മാന്ത്രികസംഖ്യ തികച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ കാല്‍വെപ്പ്. ഒറ്റയ്ക്കൊരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിനപ്പുറം സീറ്റുകള്‍. എന്നാല്‍ നാലുവര്‍ഷം പിന്നിടുമ്പോള്‍ ബിജെപി എത്തിനില്‍ക്കുന്ന സംഖ്യ ഏറെ കൗതുകകരമാണ്. 282ല്‍ നിന്നും 272 എന്ന കൃത്യമായ ഭൂരിപക്ഷത്തിലേക്ക് ബിജെപി എത്തിനില്‍ക്കുന്നു. വലിയ കോട്ടമൊന്നും ഏറ്റില്ലെങ്കിലും ആ 272 പറയുന്ന ഒരു രാഷ്ട്രീയമുണ്ട്. തുടക്കത്തിലെ ആ മായികതയ്ക്ക് മങ്ങലേറ്റുവെന്ന് ഉറപ്പിക്കാം. ഒപ്പം ഇനി ഘടകക്ഷികളെ അങ്ങനെ ചവിട്ടിയരയ്ക്കാന്‍ പറ്റില്ലെന്ന് സാരം. കണ്ടും അറിഞ്ഞും ഒക്കെ നിന്നേപറ്റൂ. 

282ല്‍ നിന്നും 272ലേക്കുള്ള ദൂരം അത്രനിസാരമായി അമിത്ഷായും നരേന്ദ്രമോദിയും തള്ളികളയില്ല. കാരണം ആ മാന്ത്രികതയില്‍ ഉൗന്നിയുള്ള തേരോട്ടമായിരുന്നു മോദി–ഷാ സംഖ്യം നയിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ഇൗ വിധി തുറന്നിടുന്ന മറ്റു ചില കാര്യങ്ങളുണ്ട്. പരമ്പരാഗതമായി ബിജെപി വിജയിച്ചുവന്നിരുന്ന മണ്ഡലത്തിലാണ് ഇന്ന് സൈക്കിള്‍ ഉരുളുന്നത്. എസ്.പി–ബിഎസ്പി സഖ്യം പിഴുതെറിഞ്ഞ താമരയ്ക്കുള്ളതാകട്ടെ പതിറ്റാണ്ടുകള്‍ കൊണ്ട് മണ്ഡലത്തില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ കൂടിയാണ്. 1998 മുതല്‍ അഞ്ചുതവണ യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച മണ്ഡലം. അതിന് മുന്‍പ് യോഗിയുടെ ഗുരു അവൈദ്യനാഥ് മൂന്നുതവണ പ്രതിനിധീകരിച്ച മണ്ഡലം. രാഷ്ട്രീയത്തിലും ജീവിതത്തിലും ഗുരുവിന്റെ പിന്‍ഗാമിയായി യോഗി ആദിത്യനാഥ്. ഇന്ന്  ഗോരഖ്പൂര്‍ ക്ഷേത്രത്തിന്റെ പുരോഹിതനുമാണ് യോഗി. തീവ്രഹുന്ദുത്വ നിലപാടില്‍ ഉറച്ചുനിന്ന യോഗിയുടെ അജണ്ടകള്‍ക്കേറ്റ  തിരിച്ചടി കൂടിയായി  ഉപതിരഞ്ഞെടുപ്പ് വിധി. അതിനൊപ്പം യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ചപ്പോളുണ്ടായ നേട്ടം നല്‍കുന്ന തിരിച്ചറിവാണ് ഇനി യുപിയുടെ ഭാവി രാഷ്ട്രീയം. അത് എന്തുതന്നെയായാലും ബിജെപിക്ക് ഗുണംചെയ്യില്ലെന്നുറപ്പാണ്. 

നാലുവര്‍ഷം കൊണ്ട് പത്തുസീറ്റുകളുടെ കുറവുണ്ടായതൊഴിച്ചാല്‍ ബിജെപിക്ക് ഒന്നും സംഭവിച്ചിട്ടില്ല. കേവല ഭൂരിപക്ഷത്തിനുവേണ്ട 272ല്‍ തന്നെയാണ് ഒറ്റയ്ക്ക് ബിജെപി എത്തിനില്‍ക്കുന്നതും. പക്ഷേ ഒരു പാര്‍ട്ടിക്ക് രാജ്യം നല്‍കി മാന്ത്രിക മൃഗീയ ഭൂരിപക്ഷത്തിലേറ്റ കുറവ് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും, ഉറപ്പ്.