മോദിയുടെ ഫോളോവേഴ്സില്‍ 60 ശതമാനം വ്യാജന്‍മാരെന്ന് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്

ട്വിറ്ററില്‍ നരേന്ദ്രമോദിയെ പിന്തുടരുന്നവരിൽ അറുപതുശതമാനവും വ്യാജ അക്കൗണ്ടുകളാണെന്ന് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോർട്ട് പ്രകാരം വ്യാജന്‍മാരുടെ എണ്ണത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കടത്തിവെട്ടിയിരിക്കുകയാണ് മോദി എന്നാണ് വിവരം. 47.9 മില്ല്യൺ പേരാണ് ട്വിറ്ററിൽ ട്രംപിനെ പിന്തുടരുന്നത് ഇതിൽ 37 ശതമാനം അക്കൗണ്ടുകളും വ്യാജമാണ്. മോദിക്കാകട്ടെ 40.3 മില്ല്യൺ പിന്തുടർച്ചക്കാരാണ് ട്വിറ്ററിൽ. ഇതിൽ 24,556,084 അക്കൗണ്ടുകളും വ്യാജമാണ് എന്നാണ് ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ കണക്കുകള്‍. അതായത് 60 ശതമാനവും വ്യാജ അക്കൗണ്ടുകളാണ് എന്നാണ് കണക്ക്. 16,032,485 അക്കൗണ്ടുകൾ മാത്രമാണ് യഥാർഥത്തിലുള്ളത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

നരേന്ദ്രമോദി കഴിഞ്ഞാൽ വ്യാജൻമാർ പിന്തുടരുന്നതിൽ രണ്ടാമതുള്ളത് ഫ്രാൻസിസ് മാർപ്പാപ്പയാണ്. മർപ്പാപ്പയെ പിന്തുടരുന്ന 16.7 മില്ല്യൺ പിന്തുടർച്ചക്കാരിൽ 59 ശതമാനം പേരും വ്യാജൻമാരാണ്. മെക്സിക്കൻ പ്രസിഡന്റ് പെനാലിറ്റോയുടെ 47 ശതമാനം പിന്തുടർച്ചക്കാരും വ്യാജൻമാർ. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പിന്തുടർച്ചക്കാരിൽ എട്ടുശതമാനം മാത്രമാണ് വ്യാജൻമാർ. 

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും അനുയായികളുടെ കാര്യത്തിലും ഡോണള്‍ഡ് ട്രംപും നരേന്ദ്രമോദിയും എറെ മുന്നിലാണ്. ഒട്ടുമിക്ക പ്രതികരണങ്ങളും ഇരുവരും പങ്കുവയ്ക്കുന്നത് ട്വിറ്ററിലൂടെയാണ്.