എംഎൽഎമാരെ അയോഗ്യരാക്കിയ സംഭവം; രാഷ്ട്രപതിയുടെ നിലപാട് നിർണായകം

ഡല്‍ഹിയിലെ ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ നിര്‍ണായകമാകുന്നത് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ നിലപാട്. സുപ്രീംകോടതിയില്‍ വിഷയം പരിഗണിക്കും മുന്‍പ്, കമ്മിഷന്‍ നടപടിയെ രാഷ്ട്രപതി ശരിവച്ചാല്‍ എംഎല്‍എമാര്‍ക്കത് കനത്ത തിരിച്ചടിയാകും. അതേസമയം, പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സംഭവത്തില്‍ രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്് രിവാളിന്‍റെ നീക്കം. 

എം.എല്‍.എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് എപ്പോള്‍, എന്ത് തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം. സാധാരണഗതിയില്‍ ഭരണഘടനാ സ്ഥാപനത്തിന്‍റെ തീരുമാനത്തിന്‍മേല്‍ നിയമോപദേശം തേടി ഉടന്‍ തീരുമാനമെടുക്കുന്നതാണ് രീതി. ഇന്ന് തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് പാര്‍ട്ടി നീക്കം. വാരാന്ത്യ അവധികഴിഞ്ഞ് സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും മുന്‍പ്, കമ്മിഷന്‍ നടപടി രാഷ്ട്രപതി ശരിവച്ചാല്‍ അത് എംഎല്‍എമാര്‍ക്ക് കനത്തതിരിച്ചടിയാകും. അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടിക്ക് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യേണ്ടിവരും. രാഷ്ട്രപതിയുടെ തീരുമാനത്തിന്‍മേല്‍ സുപ്രീംകോടതി പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് നിയമവിദഗ്ദര്‍ വിലയിരുത്തുന്നു. സുപ്രീംകോടതിയില്‍ നിന്ന് തീരുമാനം വൈകിയാല്‍ രാഷ്ട്രപതിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാം. സര്‍ക്കാറിനെ താഴെയിറക്കില്ലെങ്കിലും അത് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കുമെന്നുറപ്പ്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റേയും കടന്നാക്രമണത്തെ ചെറുക്കാന്‍ ഇതുവരെയുള്ള പോരാട്ടം പോരെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അയോഗ്യരാക്കപ്പെട്ട 20 എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ വിശദീകരണയോഗം സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. അതേസമയം, കമ്മിഷന്‍ നടപടി ചോദ്യം ചെയ്ത് ആറ് എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.