1984ലെ സിഖ് കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

1984ലെ സിഖ് കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തിനായിരിക്കും അന്വേഷണചുമതല. പൊലീസ് എഴുതിതളളിയ നൂറ്റിയെണ്‍പത്തിയാറ് കേസുകളാണ് വീണ്ടും അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടത്.

പൊലീസ് എഴുതിതളളിയ ഇരുനൂറ്റിനാല്‍പത്തിയൊന്ന് കേസുകളില്‍ നൂറ്റിയെണ്‍പത്തിയാറ് എണ്ണമാണ് പുനരന്വേഷിക്കേണ്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജി, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍, ഡിഐജി റാങ്കോടെ വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ പ്രത്യേകസംഘത്തിനാണ് അന്വേഷണചുമതല. ഇവരുടെ പേരുകള്‍ അടുത്തദിവസം പ്രഖ്യാപിക്കും. കാര്യമായ അന്വേഷണം നടത്താതെയാണ് കേസുകള്‍ എഴുതിതളളിയതെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതതലസമിതി കണ്ടെത്തിയിരുന്നു. 

കേസുകള്‍ പുനരന്വേഷിക്കാവുന്നതാണെന്നും സമിതി ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുകയായിരുന്നു. എഴുതിതളളിയ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍  2015 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജിങ് സമിതിയും കോടതിയെ സമീപിച്ചു. സിഖ് വിഭാഗക്കാരനായ സുരക്ഷാഭടന്‍റെ വെടിയേറ്റ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് വിഭാഗത്തെ ലക്ഷ്യമാക്കി ഉത്തരേന്ത്യയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. എണ്ണായിരത്തില്‍പ്പരം സിഖുകാരാണ് കൂട്ടക്കൊലയ്ക്കിരയായത്.