ഹാദിയയ്ക്ക് പഠനം തുടരാമെന്ന് എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാല

ഹാദിയയ്ക്ക് പഠനം തുടരാമെന്ന് തമിഴ്നാട് എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാല. ഒരു മാസത്തെ മുടങ്ങിയ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യാം. ഹാദിയയുടെ അപേക്ഷയിലാണ് സര്‍വകലാശാല തീരുമാനം കൈക്കൊണ്ടത്.

ബി.എച്ച്.എം.എസ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ഹാദിയ പഠനം നിര്‍ത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഠനം തുരാന്‍ സേലത്തെ ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആന്‍റ് റിസര്‍ച്ച് സെന്‍ററില്‍ അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ അനുമതിയോടെ മാത്രമേ കോളജിന് തീരുമാനം കൈക്കൊള്ളാന്‍ പറ്റൂ എന്നതിനാല്‍ അപേക്ഷ യൂണിവേഴ്സിറ്റിക്ക് കൈമാറുകയായിരുന്നു. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈസ് ചാന്‍സിലര്‍ പഠനം തുരാന്‍ അനുമതി നല്‍കി.  മുടങ്ങിയ ഒരു മാസത്തെ പഠനം ആദ്യം പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ഹൗസ് സര്‍ജന്‍സി ചെയ്യാം. വൈസ് ചാന്‍സിലറുടെ ഉത്തരവ് കോളജിലെത്തിയാല്‍ ഉടന്‍ ഫീസടച്ച് ഹാദിയയ്ക്ക് ക്ലാസില്‍ കയറാം. മതം മാറി പേര് ഹാദിയ എന്ന് മാറ്റിയെങ്കിലും സര്‍വകലാശാല രേഖകളില്‍ അഖില എന്നുതന്നെയാണുള്ളത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയെട്ടിനാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹാദിയ ഡല്‍ഹിയില്‍ നിന്നും സേലത്തെ കോളജിലെത്തുന്നത്.