ഹാദിയയെ കൊല്ലുമെന്ന് പറഞ്ഞ സുഗതന്‍ മുഖ്യമന്ത്രിയുടെ വനിതാ മതിലിന്‍റെ തലപ്പത്ത്‍: വിവാദം

'ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു' എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതനെ സർക്കാർ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വർഗീയവാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ ചുമതലക്കാരനാക്കിയതെന്ന് വിമർശവനുമായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു.

'സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല' എന്ന് വിടി ബൽറാം എംഎൽഎ വിമർശിച്ചു. ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട് എന്നും അദ്ദേഹം തുറന്നടിച്ചു.

സ്ത്രീകൾക്ക് ലിംഗസമത്വം ഉറപ്പിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാന മൂല്യസംരക്ഷണസമിതി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് കോൺഗ്രസ് നേതാവ് ജോത്യകുമാർ ചാമക്കാല പരിഹസിച്ചു. മുഖ്യമന്ത്രിക്ക് അന്തസ് ബാക്കിയുണ്ടെങ്കിൽ ഈ തട്ടിപ്പ് പരിപാടി വേണ്ടെന്നു വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ സർക്കാർ ചെലവിൽ പരിപാടി നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെതിയിരുന്നു. 

2017 ഒക്ടോബര്‍ പത്തിന് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സുഗതന്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തത്. ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ ഇറങ്ങിത്തിരിച്ചവളാണ് ഹാദിയയെന്നും തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുഗതന്‍ അന്ന് പറഞ്ഞിരുന്നു. മതം മാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്ന ആഹ്വാനവും സുഗതന്‍ നടത്തിയിരുന്നു. അഖിലയുടെ അചഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന്‍ പോസ്റ്റിട്ടിരുന്നു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് സർക്കാരിന്റെ നേത്യത്വത്തിൽ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ‘കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല’ എന്ന പ്രഖ്യാപനത്തോടെ ജനുവരി ഒന്നിനാണ് പരിപാടി. വെള്ളാപ്പള്ളി നടേശൻ ചെയര്‍മാനായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമായാണ് സംഘാടക സമിതി.