അഭിമാന പോരാട്ടത്തിൽ മെഹ്സാന; ഹാർദിക്കിന് നിര്‍ണായകം

ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ മത്സരിക്കുന്ന മെഹ്സാന മണ്ഡലത്തിൽ ബി.ജെ.പിയുടെ അഭിമാനപ്പോരാട്ടമാണ് നടക്കുന്നത്.പട്ടേൽ, സംവരണ പ്രക്ഷോഭത്തിന്റെ, പ്രഭവകേന്ദ്രമായ ഇവിടെ മത്സരം കടുത്തതാണ്. പട്ടേദാർ വിഭാഗം വിജയിയെ തീരുമാനിക്കുന്ന മണ്ഡലം ഹാർദിക് പട്ടേൽ വിഭാഗത്തിന്റെ ഭാവിയുടെ വിധിയുമെഴുതും.മണ്ഡലത്തിൽ വികസനം മാത്രമാണ് ചർച്ചയാകുന്നതെന്ന് നിഥിൻ പട്ടേൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

പട്ടേൽ സംവരണ പ്രക്ഷോഭകാരികളുടെ രണഭൂമിയാണ് മെഹ്സാന. അതു കൊണ്ട് സംവരണ പ്രക്ഷോഭത്തിന് ശേഷം ബിജെപി ഉപമുഖ്യമന്ത്രിയാക്കിയ നിഥിൻ പട്ടേലിന് ഇവിടെ നേരിടേണ്ടി വരുന്ന പോരാട്ടം കടുത്തതാണ്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിഥിൻ പട്ടേലിനെ പരാജയപ്പെടുത്തിയ കോൺഗ്രസിന്റെ ജീവാഭായ് പട്ടേലാണ് എതിർ സ്ഥാനാർഥി എന്നത് മത്സരത്തിന്റെ കടുപ്പം കൂട്ടുന്നു. പട്ടേൽ സംവരണ പ്രക്ഷോഭത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട ഇടം കൂടിയാണ് മെഹ്സാന മണ്ഡലം. 28. ശതമാനം വരുന്ന പട്ടേ ദാർ വോട്ടർമാരാകും വിജയിയെ തിരുമാനിക്കുക. ഹാർദിക് പട്ടേൽ ഇഫക്റ്റ് തിരഞ്ഞെടുപ്പിൽ എത്രത്തോളമുണ്ടെന്നും മെഹ്സാനയിലെ ഫലം പറഞ്ഞു തരും. 

എന്നാൽ പട്ടേൽ സംവരണ പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് ഉപമുഖ്യമന്ത്രിയുടെ അവകാശവാദം. വികസനമാണ് മണ്ഡലത്തിൽ ചർച്ചയാകുന്നതെന്ന് നിഥിൻ പട്ടേൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

മെഹ്സാന ജില്ലയിലെ 7 സീറ്റുകളിൽ 2012 ൽ 5 സീറ്റിൽ ബി ജെ പിയും രണ്ടു സീറ്റിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇക്കുറി എല്ലാ മണ്ഡലത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചാണ്.