ആര്‍.കെ.നഗറില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

ചെന്നൈ ആര്‍.കെ.നഗറില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. അന്‍പത്തിയെട്ടുപേരാണ് മത്സരരംഗത്തുള്ളത്. നടന്‍ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മിഷനും ശരിവച്ചു. 

ഡി.എം.കെ യുടെ മരുതു ഗണേഷ്, അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍, ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജ് സ്വതന്ത്രനായി ടി.ടി.വി.ദിനകരന്‍ എന്നിവരടക്കം അന്‍പത്തിയൊമ്പത് പേരാണ് മത്സരരംഗത്തുള്ളത്. പതിമൂന്ന് പത്രികകള്‍ പിന്‍വലിച്ചു. പത്രിക തള്ളിയിട്ടും പോരാടാന്‍ തന്നെയായിരുന്നു നടന്‍ വിശാലിന്‍റെ തീരുമാനം. വരണാധികരിയുടെ നടപടി ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പത്രിക തള്ളിയ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവച്ചു. പിന്താങ്ങിയതിന് ശേഷം നിലപാട് മാറ്റിയ രണ്ടുപേരെ നേരിട്ട് ഹാജരാക്കാന്‍ മൂന്നുമണിവരെ കമ്മിഷന്‍ സമയം അനുവദിച്ചെന്ന് വിശാല്‍ ട്വീറ്റ് ചെയ്തു. 

രണ്ടുപേരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവരുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്വിറ്ററില്‍ കുറിച്ചു. മത്സരിച്ചില്ലെങ്കിലും ആര്‍.കെ.നഗറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം വിശാല്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തില്‍ പ്രചാരണം നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആവശ്യപ്പെട്ട തൊപ്പി ചിഹ്നം ലഭിക്കാത്തതും ദിനകരന് തിരിച്ചടിയായി.