ഗുജറാത്ത് തിരഞ്ഞെടുപ്പ്; പരസ്യത്തിൽ നിന്ന് പപ്പു മാറ്റിയെങ്കിലും ഉദ്ദേശിച്ച കാര്യം നടന്നുവെന്ന് ബിജെപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം പപ്പുവെന്ന പ്രയോഗം മാറ്റിയെങ്കിലും ഉദ്ദേശിച്ച കാര്യം നടന്നുവെന്ന നിലപാടിലാണ് ബി ജെ പി. ജനങ്ങളുടെ ഉള്ളിലുള്ളത് മാറ്റാൻ കഴിയില്ലല്ലോ എന്നാണ് ബി ജെ പിയുടെ പ്രതികരണം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ പ്രയോഗിക്കുന്നതാണ് പപ്പുവെന്നത് 

ഗുജറാത്തിൽ ബിജെപിയെ തോൽപ്പിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇതിനിടെയാണ് പപ്പു പ്രയോഗമുള്ള പരസ്യവുമായി ഒരു പണി കൊടുക്കാൻ ബിജെപി ശ്രമിച്ചത്. പരസ്യത്തിന്റെ സ്ക്രിപ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ കമ്മിറ്റിക്ക് ബിജെപി അയച്ചിരുന്നു. പലചരക്ക് കടയിലെത്തുന്ന ആളെ പപ്പു ഭായ് വന്നുവെന്ന് പരിഹസിക്കുന്നതാണ് കമ്മിഷൻ കത്രിക വെച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളുടെ മനസിലുള്ളത് മാറില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. 

വിവാദ പരാമർശം നീക്കി പരസ്യം ഉടൻ പ്രചാരണ രംഗത്തെത്തിക്കാനാണ് ബി ജെ പി നീക്കം