ആടുജീവിതത്തിനു ഗൾഫിൽ യുഎഇയിൽ മാത്രം പ്രദര്‍ശനാനുമതി

സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഗൾഫിൽ യുഎഇയിൽ മാത്രമേ തിയറ്ററുകളിലെത്തൂ. മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിന് ഇതുവരെ അനുമതിയായില്ല. ഈ മാസം 28ന് തന്നെ ചിത്രം യുഎഇയിലും പ്രദർശിപ്പിക്കും. യുഎഇയിൽ ഫാർസ് ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക തിയറ്ററുകളിലും പ്രദർശനമുണ്ട്. എല്ലായിടത്തും പ്രി ബുക്കിങ്ങും തുടങ്ങി. ‌ ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ. നൂൺഷോയോടു കൂടിയാണ് എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.  

ബഹ്‌റൈനിൽ പ്രവാസിയായിരുന്ന എഴുത്തുകാരൻ ബെന്യാമിന്റെ നോവലാണ് ആടുജീവിതം. ഇതിനകം ഒട്ടേറെ എഡിഷനുകൾ പിന്നിട്ട പുസ്തകം ഗൾഫിൽ നിരോധിക്കപ്പെട്ടിരുന്നു. നജീബിനെ ഭക്ഷണം പോലും കൃത്യമായി നൽകാതെ അറബി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതുമായ വിവരണങ്ങളാണ് നോവൽ ഗൾഫിൽ നിരോധിക്കാനുള്ള കാരണം. എന്നാൽ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം ലഭ്യമാകാറുണ്ട്. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് കോവിഡ് കാലത്ത് ജോർദാനിലായിരുന്നു ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.