മലയാളി ഡ്രൈവർക്കു സൗദി കുടുംബത്തിന്റെ ഹൃദ്യ സ്വീകരണം; കണ്ണു നിറഞ്ഞ് ഫിറോസ്

അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന യാതനകളുടെ വാർത്തകളാണ് നമ്മളേറെ കേട്ടിട്ടുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മലയാളി ഡ്രൈവർ ഫിറോസിന്റെ അനുഭവം. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മുതലാളി കുടുംബമാണ് ഫിറോസിനെ അദ്ഭുതപ്പെടുത്തുന്നത്.

അവധികഴിഞ്ഞ് സൗദിയിൽ തിരിച്ചുവരുമ്പോൾ മലപ്പുറം എടക്കര സ്വദേശി ഫിറോസ് ഖാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം തന്നെ കാത്തിരിക്കുന്നുണ്ടെന്ന്. ജിദ്ദ ജാമാകുവൈസയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായ ഫിറോസ് ഖാന് തൊഴിലുടമയായ സുഹൈർ അൽ ഗാംദിയും സഹോദരൻ അബ്ദുൽ ലത്തീഫ് അൽ ഗാംദിയും കുടുംബവുമാണ് കേക്ക് മുറിച്ചും സംഗീതമൊരുക്കിയും വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിയും വൻ സ്വീകരണം നൽകിയത്.

പതിനൊന്നു വർഷമായി ഫിറോസ് ഖാൻ സൗദി കുടുംബത്തിന്റെ കൂടെയാണു ജോലിചെയ്യുന്നത്. 7 മാസം മുൻപ് നാട്ടിൽ പോയ ഇദ്ദേഹം അവധി കഴിഞ്ഞ് ദുബായ് വഴിയായിരുന്നു ജിദ്ദയിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച കാഴ്ചയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെ പോലെയാണ് സൗദി കുടുംബം തന്നോട് പെരുമാറുന്നത്. ശമ്പളത്തിനു പുറമേ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും  പറഞ്ഞു.