വിദേശകമ്പനികൾക്കായി യുഎഇയിലിരുന്ന് ജോലി ചെയ്യാം; അനുമതിയോടെ താമസവീസ

വിദേശകമ്പനികൾക്കായി യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അനുമതിയോടെ താമസവീസ നൽകുമെന്ന് പ്രഖ്യാപനം. യുഎഇയിൽ ഓഫീസില്ലാത്ത കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ താമസവീസ പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, എല്ലാരാജ്യക്കാർക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ അനുവദിക്കാനും തീരുമാനമായി.

യുഎഇയിൽ ഓഫീസില്ലാത്ത കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്ന പ്രവാസികൾക്കായി റിമോട്ട് വർക്ക് വീസയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ വിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും യുഎയിലേക്ക് ആകർഷിക്കാൻ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. 

സ്പോൺസറുടെ ആവശ്യമില്ലാത്ത ഇത്തരം വീസകൾ എല്ലാ രാജ്യക്കാർക്കും അനുവദിക്കും. അതേസമയം, ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ഒന്നിലേറെ തവണ യുഎഇയിൽ വന്നുപോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ അനുവദിക്കാനും തീരുമാനമായി. നിലവിൽ സന്ദർശക, ടൂറിസ്റ്റ്വീസകളിൽ യുഎഇയിലെത്തി കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ തിരിച്ചുവരാനാകില്ല. എന്നാൽ,  മള്‍ട്ടിപ്പിള്‍ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കു 

കാലാവധിക്കുള്ളിൽ പല തവണ യുഎഇയിലെ‍ത്തി മടങ്ങാം. മൂന്നു മാസത്തേക്കു 1,500 ദിർഹം , ആറു മാസത്തേക്കു 3300ദിർഹം എന്നിങ്ങനെയാണ് വീസനിരക്ക്. 1,020 ദിർഹം ഗ്യാരൻറി തുക കെട്ടിവയ്ക്കണം. രാജ്യം വിടുമ്പോൾ ഈ തുക തിരികെ ലഭിക്കും.