മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു; ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതി

ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു. ടെൽ അവീവിൽ പ്രസിഡൻറ് റൂവൻ റിവ്‌ലിന് അധികാരപത്രം കൈമാറിയാണ് ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ യുഎഇ നയതതന്ത്രകാര്യാലയം തുറക്കുന്നത്. 

യുഎഇയുടെ ദേശീയഗാനം ഇസ്രയേൽ തലസ്ഥാനമായ  ടെൽ അവീവിൽ ഉയർന്നുകേട്ട പശ്ചാത്തലത്തിലാണ്  മുഹമ്മദ് അൽ ഖാജ ആദ്യയുഎഇ സ്ഥാനപതിയായി ചുമതലയേറ്റത്. ചരിത്രപരമായ ദൗത്യത്തിലൂടെ  ഇരുരാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തിന് പുതിയ തുടക്കം കുറിച്ചതായി ഹീബ്രൂ, 

അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സ്ഥാനപതി ട്വീറ്റ് ചെയ്തു. യുഎഇക്കും ഇസ്രയേലിനും ഒരുമിച്ചു ചെയ്യാനാകുന്ന ഒട്ടേറെകാര്യങ്ങളുണ്ടെന്നും 

പരസ്പരസഹകരണത്തിലൂടെയും ബഹുമാനത്തിലൂടെയും മേഖലയിലെ ജനതയുടെ സമാധാനവും അഭിവൃദ്ധിയും മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും 

ഇസ്രയേൽ പ്രസിഡൻറ്  റൂവൻ റിവ്‌ലിൻ പറഞ്ഞു. വിദേശകാര്യമന്ത്രി ഗാബി അഷ്കനാസുമായും സ്ഥാനപതി ചർച്ച നടത്തി. യുഎഇ ഇസ്രയേൽ സമാധാന കരാറനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. യുഎഇ വിദേശകാര്യമന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ നിന്നാണ് അൽ ഖാജ സ്ഥാനപതിയായി നിയമിതനായത്. 

അബുദാബിയിൽ ഇസ്രയേൽ എംബസി ജനുവരിയിൽ തുറന്നിരുന്നു. സെപ്റ്റംബർ 15 ന് ഇരുരാജ്യങ്ങളും തമ്മിൽ കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.