അന്ന് അജ്മാനിലെ ഫാക്ടറി ഉടമ; ഇന്ന് മലയാളി കാരുണ്യം തേടുന്നു

ഒരിക്കൽ നൂറോളം തൊഴിലാളികൾക്ക് ജീവിതം നൽകിയ കൊല്ലം സ്വദേശി അനിൽ കുമാർ ക്ലമന്റ് (52) ഇന്ന് ജീവിതം വഴിമുട്ടി സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്. വൃക്കകൾ തകരാറിലായതും കോവിഡ് സാഹചര്യങ്ങളും ജീവിതം തകിടം മറിച്ചു. ആഴ്ചയിൽ മൂന്നു പ്രാവശ്യം വേണ്ട ഡയാലിസിസിന് പോലും പണം കണ്ടെത്താൻ കഴിയാതെ അജ്മാനിലെ ഫ്ലാറ്റിൽ വിഷമിക്കുകയാണ് അനിൽ. അജ്മാനിലെ തന്റെ ഫാക്ടറിയിൽ നിർമിക്കുന്ന ഫൈബർ ഗ്ലാസ് പോലെ ഉറപ്പുള്ളതാകും ജീവിതമെന്നു കരുതി മുന്നേറിയ അനിലിനെ 2013ൽ ബാധിച്ച വൃക്കരോഗമാണ് ഉലച്ചത്. അടിയന്തരമായി വൃക്കമാറ്റിവയ്ക്കലിന് വിധേയനാകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. വൃക്ക ദാനത്തിന് ബന്ധുക്കളും സുഹൃത്തുക്കളും തയാറുമാണ്. 

പക്ഷേ, പണമാണ് പ്രശ്നം. ഭാര്യയും മൂന്നു പെൺകുട്ടികളുമാണ് അനിലിനുള്ളത്. ചെന്നൈയിൽ ബിഎസ്‌സി ഒക്യുപേഷണൽ തെറാപ്പി വിദ്യാർഥിയായ മൂത്തമകൾ പണമില്ലാതെ പഠനം മുടങ്ങിയ അവസ്ഥയിലാണ്. 12-ാം ക്ലാസ് വിദ്യാർഥിനിയായ രണ്ടാമത്തെ മകളും നാട്ടിലാണ്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഇളയമകളും ഭാര്യയും ഇപ്പോൾ ഒപ്പമുണ്ട്. ഇളയമകൾ നാട്ടിൽ സ്കൂളിൽ ചേർന്നെങ്കിലും ഇവിടെ ഫീസ് കുടിശികയുള്ളതിനാൽ ടിസി മുടങ്ങിക്കിടക്കുകയാണ്. മാസം എണ്ണായിരം ദിർഹം വേണം ഡയാലിസിസിന്. ഷാർജയിലുള്ള വിശ്വാസി സമൂഹമാണ് സഹായങ്ങൾ ചെയ്യുന്നത്. 

എന്നാൽ കോവിഡ് സാഹചര്യം മൂലം അവരും ഇപ്പോൾ വിഷമിക്കുകയാണ്. ഇതിനിടെ അനിലിനെയും കോവിഡ് ബാധിച്ചത് കൂനിന്മേൽ കുരുവെന്ന പോലെയായി. രോഗമുക്തനായെങ്കിലും ഇനി എന്തെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. വാടക മുടങ്ങിയും കുടിവെള്ളം മുട്ടിയുമുള്ള പ്രതിസന്ധിയും വേറെ. ഇതിനിടെ പണമില്ലാതെ ചെക്ക് മടങ്ങിയ കേസിൽ ഒന്നു രണ്ടെണ്ണം ഷാർജയിലെ അഡ്വ.ആന്റണി ഇടപെട്ട് രാജിയാക്കി. നാട്ടിലേക്കു പോയി ചികിത്സ തുടരണമെന്നാണ് അനിലിന്റെ ആഗ്രഹം. സമ്പന്നനായിരുന്ന കാലത്ത് നിരവധി പേർക്ക് സഹായമേകിയ അനിലിനും കുടുംബവും ഇന്ന് കാരുണ്യം തേടുകയാണ്. പുണ്യത്തിന് പ്രതിഫലമുണ്ടാകുമെന്ന പ്രതീക്ഷയിൽ. ഫോൺ. 0557346222.