വീടുപണി തറയില്‍ നിലച്ചു: സലാം സൗദിയിലെ മണ്ണിലുറങ്ങി; സ്വപ്നമറ്റ് ഷംന

എത്രയും പെട്ടെന്നു വീടുപണി പൂർത്തിയാക്കാനാണ് അവധി പോലുമെടുക്കാതെ മൂന്നരവർഷം അബ്ദുൽ സലാം (41)സൗദിയിലെ റിയാദിൽ ജോലി ചെയ്തത്. നേരിട്ടു കാണാത്ത ആ വീടുപണിയുടെ വിശേഷങ്ങൾ ഒരോ ഫോൺവിളിയിലും അന്വേഷിച്ചു. പക്ഷേ കോവിഡിന്റെ പിടിയിലമർന്ന് സലാം റിയാദിലെ മണ്ണിൽ എന്നേക്കുമായി ഉറങ്ങി; ആ കുടുംബത്തിന്റെ സ്വപ്നങ്ങളും പൊലിഞ്ഞു. കൊല്ലം ജില്ലയിലെ പ്രയാർ വടക്ക് കൊല്ലശ്ശേരിൽ പടീറ്റതിൽ അബ്ദുൽ സലാം 8 വർഷമായി റിയാദിൽ ഇലക്ട്രീഷ്യനായിരുന്നു. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണ് വീടു വയ്ക്കാൻ വസ്തു വാങ്ങിയത്.

വഴിയില്ലെന്നതായിരുന്നു ആദ്യ തടസ്സം. അയൽവാസികൾക്കു കൂടി പ്രയോജനകരമായ രീതിയിൽ അവിടേക്ക് ആദ്യം കോൺക്രീറ്റ് റോഡ് തന്നെ നിർമിച്ചു. 7 ലക്ഷത്തോളം രൂപ അതിനു ചെലവായെന്നു ഭാര്യ ഷംന. പിന്നീട് അടുത്തുള്ള സൊസൈറ്റിയിൽ നിന്ന് വായ്പയെടുത്താണു വീടു പണി തുടങ്ങിയത്. മൂത്തമകൻ സഹൽ ഏഴിലും ഇളയ മകൻ മുഹമ്മദ് സിനാൻ ഒന്നിലും പഠിക്കുന്നു. ‘മുഴുവൻ കടമാണ്. പലരുടെയും സ്വർണവും മേടിച്ച് പണയം വച്ചിട്ടുണ്ട്്. ഇക്കയുടെ മോഹമായിരുന്നു വീട്, മക്കളുടെ പഠനം എല്ലാം. ഇനി എന്തെന്നറിയില്ല. വാടക നൽകാൻ പോലും കാശില്ല,’’ ഷംന വിതുമ്പി. ഉമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസിക്കുകയാണ് ഷംനിയിപ്പോൾ.