ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്; മാതൃകയായി ഖത്തര്‍ എയര്‍വേയ്‌സ്

കോവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആഗോള തലത്തിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,00,000  വിമാന ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. 

മേയ്‌ 12 അർധരാത്രി 12.01 മുതൽ മേയ് 18 ദോഹ സമയം രാത്രി 11.59 വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി റജിസ്റ്റര്‍ ചെയ്യാം. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാം. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക. അപേക്ഷാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങള്‍ക്കും ദിവസേന നിശ്ചിത ടിക്കറ്റുകള്‍ അനുവദിക്കും. 

അപേക്ഷിക്കേണ്ട വിധം

https://www.qatarairways.com/en-qa/offers/thank-you-medics.html എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് യാത്രക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കൂടാതെ ആരോഗ്യ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ എന്നിവയുടെ യഥാർഥ രേഖകള്‍ കാണിക്കണം. രേഖകളുടെ ഫോട്ടോ അല്ലെങ്കില്‍ പ്രിന്റ് അംഗീകരിക്കില്ല. ആരോഗ്യപ്രവര്‍ത്തകന്‍ യാത്രക്ക് യോഗ്യനല്ലെങ്കില്‍ അപേക്ഷകന്റെ സഹയാത്രികരായി ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ക്കും യാത്ര അനുവദിക്കില്ല. 

നവംബര്‍ 26ന് മുമ്പ് ബുക്ക് ചെയ്യണം

സൗജന്യ ടിക്കറ്റിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 2020 നവംബര്‍ 26 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്നാണ് നിബന്ധന. മേയ് 26 മുതല്‍ ഡിസംബര്‍ 10 വരെയാണ് യാത്രാ കാലാവധി. ഒരാള്‍ക്ക് ഇക്കോണമി ക്ലാസില്‍ പരമാവധി രണ്ട് ടിക്കറ്റുകള്‍ എടുക്കാം. ആരോഗ്യപ്രവര്‍ത്തകനും അദ്ദേഹത്തിനൊപ്പം 12 വയസിന് മുകളിലുള്ള ഒരാള്‍ക്ക് കൂടി ടിക്കറ്റ് അനുവദിക്കും. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കാമെന്ന് മാത്രമല്ല സൗജന്യമായി തന്നെ തിയതിയില്‍ മാറ്റം വരുത്താനും കഴിയും. എന്നാല്‍ വിമാനത്താവള നികുതി നല്‍കേണ്ടി വരും. സൗജന്യ ടിക്കറ്റ് കൂടാതെ ഖത്തര്‍ ഡ്യൂട്ടി ഫ്രി റീട്ടെയ്ല്‍ ശാഖകളില്‍ നിന്ന് 35 ശതമാനം വിലക്കിഴിവ് ലഭിക്കുന്നതിനുള്ള കൂപ്പണും ലഭിക്കും. ഡിസംബര്‍ 31 വരെ ഈ കൂപ്പണ്‍ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.qatarairways.com/en-qa/offers/thank-you-medics.thm