യുഎഇയിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ കുറയ്ക്കാൻ അനുമതി

യുഎഇയിൽ  സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ കുറയ്ക്കാനും ശമ്പളത്തിൽ മാറ്റം വരുത്താനും മാനവവിഭവശേഷി മന്ത്രാലയം അനുമതി നൽകി.  ജീവക്കാരുടെ ശമ്പളം താൽകാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി നിലവിൽ വന്നു. അതേസമയം, ദുബായ് എക്സ്പോ രണ്ടായിരത്തിഇരുപത് അടുത്തവർഷത്തേക്കു മാറ്റിവച്ചേക്കും.

സ്വകാര്യസ്ഥാപനങ്ങളിലെ അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ അനുമതി നൽകുന്ന നിയമഭേദഗതിക്കാണ് യുഎഇ മാനവിഭവശേഷി മന്ത്രാലയം അംഗീകാരം നൽകിയത്. പ്രവാസി ജീവനക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക.   ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ ,ദീർഘകാല അവധി നൽകാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനമുള്ള അനുമതിയും നൽകിയിട്ടുണ്ട്. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അവർക്ക് മറ്റു സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള സാവകാശം നൽകണം. ഇവരുടെ പേര് വിവരങ്ങൾ വെർച്ച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണം. ഈമാസം 26 മുതലാണ് തൊഴിൽ മന്ത്രി നാസർ താനി അൽഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

അതേസമയം, കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷകൂടി പരിഗണിച്ച് ദുബായ് എക്സ്പോ മാറ്റിവയ്ക്കണമെന്ന ശുപാർശ   ദുബായ് എക്സ്പോ അധികൃതരും വിവിധരാജ്യങ്ങളുടെ പ്രതിനിധികളും നടത്തിയ വിഡിയോ കോൺഫറൻസ് അംഗീകരിച്ചു. ഇൻറർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻറെ ജനറൽ അസംബ്ളി ചേർന്നു മൂന്നിൽ രണ്ടു രാജ്യങ്ങളും ശുപാർശ അംഗീകരിച്ചശേഷമായിരിക്കും എക്സ്പോ മാറ്റിവയ്ക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം. എക്സ്പോ  മാറ്റിവയ്കക്കണമെന്ന നിർദേശത്തോട്  നിലവിൽ ആരും എതിർപ്പറിയിച്ചിട്ടില്ല. ഒക്ടോബർ ഇരുപതു മുതൽ ഏപ്രിൽ 10വരെ നടത്താനുദ്ദേശിച്ചിരുന്ന എക്സ്പോയിൽ  ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പവലിയൻ നിർമാണം അന്തിമഘട്ടത്തിലാണ്.