കോവിഡ്; ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് ഖത്തറിൽ താൽക്കാലിക വിലക്ക്

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലേക്ക് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. പ്രവേശന വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിലായി. കൂടുതൽ രാജ്യങ്ങളിലേക്ക് കോവിഡ് -19 പടർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ് അറിയിച്ചു.

അത്യാവശ്യ സാഹചര്യം ഉണ്ടായാൽ മാത്രമേ പൗരന്മാരും പ്രവാസികളും രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാവു എന്നും അധികൃതർ നിർദേശിച്ചു. ഇന്ത്യയിൽ നിന്ന്‌ ഓൺ അറൈവൽ വിസയിൽ എത്തുന്നവർ, ഖത്തർ താമസാനുമതി രേഖ (റസിഡന്റ് പെർമിറ്റ്‌ )ഉള്ളവർ, തൊഴിൽ വിസയുള്ളവർ, സന്ദർശക വിസയിൽ എത്തുന്നവർ എന്നിവർക്കാണ് പ്രവേശന വിലക്ക്.

ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലെബനൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വിലക്ക്. ഖത്തറിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 15പേരിൽ ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.