കൊറോണ; യുഎഇയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീക്ക് രോഗമുക്തി

യുഎഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്നു ചികിൽസയിലായിരുന്ന ചൈനീസ് വനിത സുഖം പ്രാപിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. എഴുപത്തിമൂന്നു വയസുകാരിയായ ലീ യുജിലയാണ് രോഗമുക്തി നേടിയത്. ഇവരടക്കം ഏഴു പേർക്കാണ് യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൈനയിൽ നിന്നെത്തിയ ലീ യുജിലയെ കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. തുടർന്നു ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവർ പൂർണമായും സുഖം പ്രാപിക്കുകയും സാധാരണ ജിവിതത്തിലേക്കു മടങ്ങിയതായും യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിനനുസൃതമായി രോഗം സ്ഥിരീകരിച്ച വ്യക്തികൾക്കു ശരിയായ ആരോഗ്യസുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൂർണമായും സുഖം പ്രാപിക്കുന്നതു വരെ ഓരോ വ്യക്തികളേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അൽ റാണ്ട് പറഞ്ഞു. 

ലീ യുജില വൈറസ് ബാധയിൽ നിന്നും മുക്തി നേടിയത് കൂടുതൽ ആത്മവിശ്വാസം പകരുന്നതായും ഡോ.ഹുസൈൻ വ്യക്തമാക്കി. ലീ യുജിലയുടെ കുടുംബത്തിലെ മൂന്നു പേരടക്കം ആറു പേർ ചികിൽസയിലാണെന്നും ഇവരുടെ നില മെച്ചപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ചൈനീസ് കോൺസുൽ ജനറൽ ലി യുവാങ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അൽ റാണ്ട് തുടങ്ങിയവർ ആശുപത്രിയിലെത്തി. തനിക്കും കൊറോണ വൈറസ് ബാധയേറ്റ കുടുംബാംഗങ്ങൾക്കും യുഎഇ അധികൃതർ നൽകുന്ന പരിചരണത്തിനു ലീ യുജില നന്ദിഅറിയിച്ചു.