ഷാർജയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി; സാമ്പത്തിക മുന്നേറ്റത്തിന് ഊർജം

ഷാർജയുടെ സാമ്പത്തിക മുന്നേറ്റത്തിനു ഊർജം പകർന്നേക്കാവുന്ന പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി മേഖലയിൽ മഹാനി വൺ കിണറിലാണ് ഏറെ പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ. മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഷാർജ എമിറേറ്റിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തുന്നത്.

ഷാർജ നാഷനൽ ഓയിൽ കോർപറേഷനും (സ്നോക്) ഇറ്റാലിയൻ പങ്കാളിയായ ഇഎൻഐയും ചേർന്നാണ് മഹാനി മേഖലയിൽ  പ്രകൃതി വാതക ശേഖരം കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്. പ്രതിദിനം അഞ്ചു കോടി സ്റ്റാൻഡേർഡ് ഘന അടി പ്രകൃതി വാതകം ഇവിടെ നിന്നും ലഭ്യമാകും. 14,597 അടി കുഴിച്ചപ്പോഴാണ് വാതകശേഖരം തിരിച്ചറിഞ്ഞത്. 

ത്രീഡി സർവേഫലം അനുകൂലമായതിെന തുടർന്നു നടത്തിയ പര്യവേക്ഷണത്തിൽ വാതകസാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ഊർജശേഖരം വർധിപ്പിക്കാനും പുതിയ വികസപദ്ധതികൾക്കു തുടക്കം കുറിക്കാനും ഇതു സഹായകമാകുമെന്നു ഷാർജ ഉപഭരണാധികാരിയും ഷാർജ ഓയിൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. സമീപമേഖലകളിലും പര്യവേക്ഷണം തുടരുകയാണ്. മൂന്ന് മേഖലകളിലായി 50 ഇന്ധന കിണറുകളാണ് സ്നോക്സിന് ഉള്ളതെന്ന് സിഇഒ ഹാതിം അൽ മോസ വ്യക്തമാക്കി. ഒരു വാതക സംസ്കരണ കേന്ദ്രവും 2 ഹൈഡ്രോകാർബൺ ശേഖരവും കയറ്റുമതിക്കുള്ള ടെർമിനലുകളും സ്നോക്കിന്റെ കീഴിലുണ്ട്.