ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ എമിഗ്രേഷൻ കൌണ്ടറുകൾ തുറന്നു. യാത്രക്കാർക്ക് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായാണ് തൊണ്ണൂറു പുതിയ കൌണ്ടറുകൾ തുറന്നതെന്നു ദുബായ് എമിഗ്രേഷൻ വ്യക്തമാക്കി. എക്സ്പോ രണ്ടായിരത്തിഇരുപതിനോടനുബന്ധിച്ചാണ് കൂടുതൽ സൌകര്യങ്ങളൊരുക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നിർദ്ദേശ പ്രകാരമുള്ള സുഗമ യാത്ര സ്മാർട് സംവിധാന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ സൌകര്യങ്ങൾ. 192 രാജ്യങ്ങളിൽ നിന്നുള്ള രണ്ടരക്കോടി ജനങ്ങളെയാണ് ഒക്ടോബർ ഇരുപതു മുതൽ അടുത്ത വർഷം ഏപ്രിൽ പത്തുവരെ നടക്കുന്ന ദുബായ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. കനത്ത തിരക്കിനിടയിലും വേഗത്തിൽ, സുരക്ഷിതമായി  നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് കൂടുതൽ സംവിധാനങ്ങളൊരുക്കിയിരിക്കുന്നതെന്നു ദുബായ് എമിഗ്രേഷൻ തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു. ചെക്ക് ഇൻ മുതൽ യാത്രക്കാർ വിമാനത്തിൽ കയറുന്നതുവരെയുള്ള നടപടികൾ പൂർത്തിയാക്കാൻ സഹായകമായ ബയോമെട്രിക് പാതയും എക്സ്പോയോടനുബന്ധിച്ച് തയ്യാറാകും. ടെർമിനൽ മൂന്നിലെ ഡിപ്പാർചർ ഭാഗത്തെ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സ്മാർട് ടണൽ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. അതിനൊപ്പം നിലവിലെ സ്മാർട് ഗേറ്റ് സംവിധാനവും പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.