മനുഷ്യ റോക്കറ്റുമായി വിദ്യാർഥികൾ; ഹസ്സ അൽ മൻസൂരിക്ക് ആദരവ്; ഗിന്നസ് നേട്ടം

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കു ആദരവർപ്പിച്ചു മനുഷ്യ റോക്കറ്റ് ഒരുക്കി വിദ്യാർഥികൾ.  ദുബായ് പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിലെ വിദ്യാർഥികൾ അണിനിരന്ന മനുഷ്യ റോക്കറ്റ് ഗിന്നസ് റെക്കോർഡിൽ ഇടം നേടി. പതിനൊന്നായിരത്തി നാണൂറ്റിനാൽപ്പത്തിമൂന്നു വിദ്യാർഥികളാണ് റെക്കോർഡിൻറെ ഭാഗമായത്.

അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകമായി ബഹിരാകാശത്ത് കാൽ കുത്തിയ ആദ്യ എമറാത്തി ഹസ്സ അൽ മൻസൂറിയുടെ നേതൃത്വത്തിൽ യുഎഇയുടെ ശാസ്ത്ര മുന്നേറ്റ  ഉദ്യമങ്ങളോടുള്ള വരുംതലമുറയുടെ ഐക്യദാർഢ്യം.  പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിനു കീഴിലെ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ,  പെയ്സ് ഇന്റർനാഷനൽ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ ,ക്രിയേറ്റീവ് ഇംഗ്ലിഷ് സ്കൂൾ അബൂദാബി, പെയ്സ് ബ്രിട്ടീഷ് സ്കൂൾ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് അഭിമാന നേട്ടത്തിൽ അണിനിരന്നത്.

ഗിന്നസ് മിഡിലീസ്റ്റ് പ്രതിനിധി ഷെഫാലി മിശ്രയിൽ നിന്നു പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ ഇബ്രാഹിം ഹാജി ഗിന്നസ് സർടിഫിക്കറ്റ് ഏറ്റുവാങ്ങി. ഷാർജ മുവൈലയിലെ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ ഒന്നരമണിക്കൂറെടുത്താണ് വിദ്യാർഥികൾ റോക്കറ്റ് മാതൃകയിൽ അണിനിരന്നത്.  യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ഇന്ത്യയടക്കം ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.