സൗദിയിൽ ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും പോയില്ലെങ്കിൽ പിഴ

സൌദിയിൽ ഫൈനൽ എക്സിറ്റ് വീസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ ആയിരം റിയാൽ പിഴ ഈടാക്കുമെന്നു മുന്നറിയിപ്പ്. ഫൈനൽ എക്സിറ്റ് വീസ ലഭിച്ചതിനു ശേഷം രണ്ടു മാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. അതേസമയം, റീ എൻട്രി വീസയിലുള്ളവരും കാലാവധി സംബന്ധിച്ച നിയമം കർശനമായി പാലിക്കണമെന്നു സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

സൗദിയിൽ ഫൈനൽ എക്സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നവർ പിഴ ശിക്ഷ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തെ കാലാവധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ പിന്നീട് എക്സിറ്റ് വീസ റദ്ദാക്കുന്നതിനും പുതിയ എക്സിറ്റ് വീസ എടുക്കുന്നതിനുമാണ് ആയിരം റിയാൽ പിഴ. താമസരേഖയിൽ കാലാവധി ഉണ്ടെങ്കിൽ മാത്രമേ എക്സിറ്റ് വീസ അനുവദിക്കൂ. ഇഖാമയുടേയും എക്സിറ്റ് വീസയുടെയും കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ ശിക്ഷ കടുത്തതായിരിക്കുമെന്നു സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിക്കുന്നു. 

റീ എൻട്രി വീസയിൽ രാജ്യത്തിന് പുറത്തുപോയി വീസ കാലാവധി തീരുന്നതിനു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്നു വർഷത്തേക്കു രാജ്യത്തേക്കു പ്രവേശന വിലക്കുണ്ടാകും. മൂന്നുവർഷത്തിനു ശേഷം തിരികെയെത്തിയാലും പഴയ സ്പോൺസറുടെ കീഴിൽ മാത്രമായിരിക്കും പ്രവേശിക്കാനാകുന്നത്. ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ മൂന്നുദിവസം വരെ പിഴയില്ലാതെ പുതുക്കാനാവും. പിന്നീടു അഞ്ഞൂറു റിയാൽ പിഴ ഈടാക്കും. ദിവസം കൂടുംതോറും പിഴസംഖ്യയും കൂടും. ഇതു മൂന്നു തവണ ആവർത്തിക്കുന്നവരെ നാടുകടത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.