മാനവ സഹോദര്യ ഉടമ്പടിയുമായി പോപ്പ്; സമാധാനത്തിനായി ഒന്നിക്കുമെന്ന് യുഎഇ

വ്യത്യാസങ്ങൾക്കിടയിലും ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ചു നീങ്ങുകയെന്നതാണ് സഹിഷ്ണുതാ വർഷത്തിൻറെ സന്ദേശമെന്നു യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിനു നന്ദി സൂചകമായി, ദുബായ് സെൻറ് മേരീസ് കത്തോലിക്ക ഇടവക സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷെയ്ഖ് നഹ്യാൻറെ പ്രസ്താവന. 2019 നെ സഹിഷ്ണുതാ വർഷമായാണ് യുഎഇ ആചരിക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ യുഎഇ സന്ദർശനം സഹിഷ്ണുതയുടെ വലിയ പ്രഖ്യാപനമായിരുന്നുവെന്നു  യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. വിവിധ മത, വിശ്വാസ, രാഷ്ട്രീയ സാംസ്കാരിക വിഭാഗങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും സുസ്ഥിരതയ്ക്കായി ഒരുമിച്ചു നീങ്ങണമെന്നും ഷെയ്ഖ് നഹ്യാൻ വ്യക്തമാക്കി. 

സഹിഷ്ണുതാ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനു ദുബായ് സെന്റ് മേരീസിലെ ക്രൈസ്തവസമൂഹത്തോട് മന്ത്രി നന്ദി അറിയിച്ചു. പോപ്പ് ഫ്രാൻസിസും ഗ്രാൻഡ് അൽ അസർ ഇമാം മുഹമ്മദ് അൽ തയ്യിബും തമ്മിൽ ഒപ്പുവച്ച മാനവ സഹോദര്യ ഉടമ്പടി ജീവിതത്തിൽ പ്രാവർത്തിക്കമാക്കണമെന്നും ഷെയ്ഖ് നഹ്യാൻ പറഞ്ഞു. തേക്കേ അറേബ്യൻ വികാരിയാത്ത് ബിഷപ്പ് പോൾ ഹിൻഡർ, യുഎഇയിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധി ആർച്ച് ബിഷപ് ഫ്രാൻസിസ്കോ പാഡില തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദുബായ് പൊലീസിൻറെ സംഗീത പരിപാടിയോടെയായിരുന്നു ചടങ്ങിൻറെ തുടക്കം. വിവിധ രാജ്യക്കാരുടെ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ചു അവതരിപ്പിച്ചു.