വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം നിരസിക്കുന്നത് യഥാര്‍ഥ പ്രണയം: മാര്‍പ്പാപ്പ

വിവാഹിതരാകുന്നത് വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാകാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന പ്രസ്താവനയുമായി ഫ്രാൻസിസ് മാർപാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്നാണ് മാര്‍പ്പാപ്പ പറയുന്നത്. ഇത് യുവാക്കളുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കും. ദമ്പതികൾ ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം തങ്ങളുടെ ബന്ധം വേർപിരിയുന്നത് വര്‍ധിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു.

എന്നാല്‍ മാര്‍പ്പാപ്പയുടെ പരാമര്‍ശത്തിനെതിരെ വലിയ തരത്തിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ബന്ധങ്ങളില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് പ്രസ്താവനയെന്നാണ് ഉയരുന്ന വാദം. ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനല്ലയെന്നാണ് ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞൻ വിറ്റോ മാൻകുസോ പറയുന്നത്.സ്വന്തം മക്കളേക്കാൾ വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ സ്വാർഥരാണ് എന്ന് മാര്‍പ്പാപ്പ ഈ അടുത്ത് പറഞ്ഞതും വിവാദമായിരുന്നു.