റോമിലെ ശൂന്യമായ തെരുവ്; അപ്രതീക്ഷിതമായി നടന്നെത്തി മാർപാപ്പ; ജനങ്ങൾക്ക് ആശ്വാസം

കൊറോണാ ഭീതിയിൽ തിരക്കൊഴിഞ്ഞ റോമിലെ നഗര വീഥിയിലൂടെ അപ്രതീക്ഷിതമായി മാർപാപ്പയുടെ കടന്നുവരവ്. കോവിഡ്- 19 വൈറസ് ബാധയിൽനിന്ന് ഇറ്റലിയെയും ലോകത്തെ മുഴുവനെയും രക്ഷിക്കണമെന്ന പ്രാർഥനയുമായാണു റോമിലെ രണ്ടു പ്രധാന പള്ളികളിൽ ഇന്നലെ വൈകിട്ട് ഫ്രാൻസീസ് മാർപാപ്പ സന്ദർശനം നടത്തിയത്.

റോമിലെ മേരി മേജർ ബസിലിക്കയിലായിരുന്നു അദ്ദേഹത്തിന്റെ‌ ആദ്യ സന്ദർശനം. അവിടെ, 'റോമിലെ ജനങ്ങളുടെ സംരക്ഷക' എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ മാതാവിന്റെ രൂപത്തിനു മുന്നിൽ പ്രാർഥന നടത്തി. തുടർന്നു കാൽനടയായി സാൻ മർച്ചെല്ലോ പള്ളിയിൽ എത്തി. 1522-ൽ റോമിൽ പടർന്നുപിടിച്ച പ്ലേഗു ബാധയിൽനിന്നു രക്ഷനേടാൻ എത്തിച്ച കുരിശിന്റെ മുന്നിലും പ്രാർഥന നടത്തിയ മാർപാപ്പ, കൊറോണ രോഗബാധിതരായവർക്കുവേണ്ടിയും രോഗംബാധിച്ചു മരിച്ചവർക്കു വേണ്ടിയും ഉറ്റവരുടെ വേർപാടിൽ ദു:ഖിക്കുന്നവർക്കു വേണ്ടിയും പ്രാർഥിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന  ഡോക്ടർമാരെയും നഴ്സുമാരെയും പ്രത്യേകം സമർപ്പിച്ചു പ്രാർഥിക്കുകയും അവർ നടത്തുന്ന സേവനങ്ങളെ  പ്രശംസിക്കുകയും ചെയ്തു.പൊതുനിരത്തിൽ അപ്രതീഷികമായി മാർപാപ്പയെ കണ്ട ജനങ്ങൾക്ക് ആ സന്ദർശനം ഏറെ ആശ്വാസം  പകർന്നു.