49-ാം ദേശീയ ദിനം ആഘോഷിച്ച് ഒമാൻ; പങ്കുചേർന്ന് പ്രവാസികളും

നാൽപത്തിയൊൻപതാം ദേശീയദിനാഘോഷ നിറവിൽ ഒമാൻ. മുസന്നയിലെ സെയ്ദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധസേനാ പരേഡിൽ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു. പ്രവാസികളടക്കമുള്ളവർ വിവിധ പരിപാടികളുമായാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായത്.

ഒമാൻ ജനതയുടെ മുന്നേറ്റത്തിന്‍റെ കഥകളും പാട്ടുകളുമായി നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാണ്. ദേശീയ പതാകയും വര്‍ണ ദീപങ്ങളുംകൊണ്ട് അലംകൃതമാണ് രാജ്യമെങ്ങും. സായുധസേനാ മൈതനത്തു നടന്ന പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും രാജകുടുംബാംഗങ്ങളും പൗരപ്രമുഖരും വിദേശരാഷ്ട്ര പ്രതിനിധികളുമടക്കം നിരവധി പേരെത്തി. സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നീ സേനകൾ സുൽത്താൻ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിനു അഭിവാദ്യം അർപ്പിച്ചു. 

മലയാളികളടക്കമുള്ള പ്രവാസികളും പൌരൻമാരും ഒമാൻ ജനതയോടൊന്നിച്ചു ദേശീയദിനം ആഘോഷിക്കുകയാണ്. സൌദി, യുഎഇ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ, ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻജനതയ്ക്ക് ആശംസകൾ നേർന്നു.