പ്രവാസി ഇന്ത്യക്കാർക്കായി വിപുലമായ ദീപാവലി ആഘോഷം

ഗൾഫ് രാജ്യങ്ങളിൽ, എംബസികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ദീപാവലി ആഘോഷിക്കുന്നു. ദുബായ് വിനോദസഞ്ചാരവകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ദീപാവലിയോടനുബന്ധിച്ചു യുഎഇയിലെ അറുപത്തിരണ്ടു സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.

പാരമ്പര്യത്തനിമയോടെ കാഴ്ചകളുടെ സമൃദ്ധിയോടെയാണ് പ്രവാസി ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ ദീപാവലി ആഘോഷിക്കുന്നത്. വീടുകളിലും വില്ലകളിലുമൊക്കെ മൺചിരാതൊരുക്കിയും ഷോപ്പിങ് മാളുകളിലും പാർക്കുകളിലുമൊക്കെ വൈവിധ്യമാർന്ന പരിപാടികളുമൊക്കെയായാണ് ആഘോഷം. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ ഫെസ്റ്റ്വൽ സിറ്റി മാളിൽ ആഘോഷങ്ങൾ ഒരുക്കി. ദീപാലങ്കാരവും താളമേളങ്ങളും കരിമരുന്നു പ്രയോഗവും സംഘടിപ്പിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്  ദുബായ് ടൂറിസവുമായി സഹകരിച്ചു നടത്തിയ ആഘോഷങ്ങളിൽ ദുബായ് പൊലീസ് ബാൻഡ് ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ചത് ആഘോഷങ്ങളുടെ പൊലിമ കൂട്ടി.

യുഎഇയിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദീപാവലി ആശംസ നേർന്നു. ഒമാൻ, കുവൈത്ത് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ എംബസികളുടെയും ഇന്ത്യൻ സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു ദീപാവലി ആഘോഷം.