9 ടൺ ഭാരമുള്ള ബസ്; വലിച്ചു നീക്കി ‘ദുബായ് ശക്തിമാൻ’; വിസ്മയം

സ്കൂൾ കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം നിറയെ ആളുകളെ കയറ്റിയ സ്കൂൾ ബസ് ഒറ്റയ്ക്ക് വലിച്ചു നീക്കി ദുബായിൽ ശക്തിമാൻ. അമേരിക്കൻ സ്വദേശി ലാറി വില്യംസ് എന്നയാളാണ് 31 പേരെ ഉൾക്കൊണ്ട 9 ടൺ ഭാരമുള്ള ബസ് വലിച്ചുനീക്കി കുട്ടികൾക്കും മറ്റും മുൻപിൽ സൂപ്പർമാനായത്.

ദുബായിലെ ഒരു സ്കൂളിനു മുൻപിലെ പാർക്കിങ്ങിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ മാസം 25ന് ദുബായിൽ നടക്കുന്ന ലോകത്തെ ശക്തിമാന്മാരുടെ മത്സരത്തിന്റെ പ്രചാരണാർഥമായിരുന്നു പരിപാടി. ഇതുപോലെ മറ്റു അഞ്ചിടങ്ങളിൽ കൂടി ലാറി വില്യംസ് ശക്തിപ്രകടനം നടത്തും. 13 വയസുമുതലാണ് തനിക്ക് ശക്തിമാനാകാനുള്ള ആഗ്രഹം ജനിച്ചതെന്നു ലാറി പിന്നീട് പറഞ്ഞു. ഇന്റർനെറ്റിൽ നിന്നു വിവരങ്ങൾ ലഭിച്ചതോടെ ഒരു കൈനോക്കാൻ തീരുമാനിക്കുകയായിരുന്നു. എനിക്ക് വഴികാട്ടാൻ കൂട്ടുകാരോ, രക്ഷിതാക്കളോ സഹോദരങ്ങളോ മുന്നോട്ടു വന്നിരുന്നില്ല. 

അമേരിക്കൻ ദ്വീപായ കരിബിയനിൽ മാതാവുമൊത്തായിരുന്നു താമസം. ഇന്റർനെറ്റ് ചികഞ്ഞാണ് ഞാൻ കാര്യങ്ങൾ ഗ്രഹിച്ചിരുന്നത്. അതുകൊണ്ട് ആർക്കെങ്കിലും ശക്തിമാനാകാൻ താൽപര്യമുണ്ടെങ്കിൽ പ്രിയ കുട്ടികളേ, നിങ്ങൾ ഇന്റർനെറ്റിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു കളത്തിലിറങ്ങൂ. ബാറ്റ്മാൻ, സൂപ്പർമാൻ എന്നിവരായിരുന്നു എന്റെ കുട്ടിക്കാലത്തെ ആരാധനാ കഥാപാത്രങ്ങള്‍. ദുബായിൽ അത്ഭുതപ്പെടുത്തുന്ന ജിംനേഷ്യങ്ങളുണ്ട്. മടിച്ചുനിൽക്കാതെ അവിടെ പോയി പരിശീലനം തുടങ്ങൂ.. നാളെ നിങ്ങൾക്കും ഇതുപോലെ ആളുകളെ വിസ്മയിപ്പിക്കുന്ന സൂപ്പർ താരങ്ങളാകാം–ലാറി വിശദീകരിച്ചു