കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും കൈകോർക്കുന്നു

കേരള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾക്കു ബഹ്റൈനുമായി കൈകോർക്കാൻ അവസരമൊരുങ്ങുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു. കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യാന്തര വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് തീരുമാനം. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും ഒപ്പിട്ട ധാരണ പ്രകാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി 100 ശതമാനം ഉടമസ്ഥതയോടെ ബഹ്റൈനില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാം.  സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലും ബിസിനസ് സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുപുറമെ ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാനവിനിമയത്തിനും സഹകരണത്തിനും അവസരമൊരുങ്ങും. ദുബായിയില്‍ നടക്കുന്ന മുപ്പത്തൊന്‍പതാമത്  ജൈടെക്സ് സാങ്കേതികവിദ്യാ പ്രദർശനനഗരിയിൽ കെഎസ‌്‌യുഎം ബിസിനസ് ഡവലപ്മെൻറ് മാനേജർ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജനല്‍ ഡയറക്ടര്‍ ധര്‍മി മഗ്ദാനിയുമാണ് ധാരണാപത്രം കൈമാറിയത്. ധാരണപ്രകാരം ബഹ്റൈനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു സമാനമായ സൗകര്യം നല്‍കും. മിഷന് കീഴില്‍ 18 പുതുസംരംഭങ്ങളാണ് ദുബൈ ജൈടെക്സിൻറെ ഭാഗമായത്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലേക്കുള്ള വാതിലായി മാറുകയാണ് ദുബായ് ജൈടെക്സ് സാങ്കേതിക വാരം.