സൗദിയിൽ നടന്നത് ഡ്രോൺ ആക്രമണമല്ല; കുതിച്ചെത്തിയത് വിചിത്ര ആയുധം; പിന്നിൽ ഇറാൻ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടത്തിനെതിരെ യെമൻ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. ഹൂതികൾ എണ്ണപ്പാടത്തിന് നേരെ നടത്തിയത് ഡ്രോൺ ആക്രമണമാണെന്നായിരുന്നു ആദ്യനിഗമനം. എന്നാലിപ്പോൾ പുറത്തുവരുന്നത്  സൗദിക്കെതിരെ ഹൂതികൾ പ്രയോഗിച്ചത് വിചിത്ര ആയുധങ്ങളായിരുന്നുവെന്ന റിപ്പോർട്ടാണ്. 

സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളെ ഡ്രോൺ ആക്രമിച്ചിട്ടില്ല. ഗൈഡഡ് ക്രൂസ് മിസൈലുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ വാദിക്കുന്നത്. അവശിഷ്ടങ്ങളുടെ പ്രാഥമിക പരിശോധനയിൽ സൂചിപ്പിക്കുന്നത് വിചിത്ര ആയുധത്തിനു പിന്നിൽ ഇറാൻ ആണെന്നാണ്.

ആക്രമണത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ സൈനിക, ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് അനലിസ്റ്റുകൾക്കിടയിൽ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ‘ഡ്രോണുകളിലൊന്നിന്റെ’ അവശിഷ്ടങ്ങൾ സൗദി പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാൻ സാധിച്ചത് അതൊരു ഡ്രോൺ ആയിരുന്നില്ല എന്നാണ്. ചിത്രങ്ങൾ വിശദമായി പരിശോധിച്ചവർ പറഞ്ഞത് ഡ്രോണിന്റെ രൂപമുള്ള ക്രൂസ് മിസൈല്‍ ആണെന്നാണ്. 

സൗദി പ്രതിരോധ സേന വെടിവച്ചിടാൻ ശ്രമിച്ചിട്ടും ശത്രുക്കൾ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് തന്നെ ആയുധം പതിച്ചു. ഡ്രോണുകൾക്ക് ഇത്രയും വ്യാപകമായി നാശനഷ്ടം സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ വാദം. ഇറാന്റെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ആയുധമെന്നാണ് ഒരു വാദം. പുതിയ ആയുധങ്ങളുടെ പരീക്ഷണത്തിനു ഇറാൻ ഹൂതികളെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.

സൗദിയിലേക്ക് കുതിച്ചെത്തിയ ആയുധത്തിനറെ ആകൃതി വളരെ മെലിഞ്ഞതായിരുന്നു. എന്നാൽ കൂടുതൽ സങ്കീർണ്ണവുമായിരുന്നു. വിവിധ രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും വിശകലന വിദഗ്ധരും ചേർന്ന് ആയുധത്തിന്റെ രൂപവും സ്വഭാവവും പരിശോധിക്കുന്നുണ്ട്. മിക്കവരുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇതൊരു വിചിത്ര ക്രൂസ് മിസൈൽ ആണെന്നാണ്. നിർമാണം ഇറാനും.

എന്നാൽ പുറത്തുവന്ന ഫോട്ടോകളുടെ പരിശോധനകൾ തുടരുകയാണ്. ആയുധത്തിന്റെ നിർമാണ തീയതി സ്ഥിരീകരിച്ചിട്ടില്ല. എവിടെ നിർമിച്ചതാണെന്നതും അജ്ഞാതമാണ്. ഇറാനിയൻ നിർമിത സൗമർ ക്രൂസ് മിസൈലുമായി ഇതിനു സാമ്യമുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ ആദ്യ പ്രതികരണം. 2000 കളിൽ യുക്രെയ്നിൽ നിന്ന് അനധികൃതമായി വാങ്ങിയ കെഎച്ച് -55 മിസൈലുകളെ റിവേഴ്സ് എൻജിനീയറിങ് വഴി പരിഷ്കരിച്ചെടുത്തതാണ് ഈ ക്രൂസ് മിസൈൽ.