നാട്ടിലേക്ക് പ്രതീക്ഷകളോടെ; എയർപോർട്ടിൽ കുടുങ്ങി; വേദനയോടെ പ്രവാസികൾ

വെള്ളപ്പൊക്കം മൂലം കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതോടെ പെരുവഴിയിലായി നൂറുകണക്കിന് കുടുംബങ്ങൾ. തൃശൂർ പുറനാട്ടുകര സ്വദേശി ലിജി ഭർതൃമാതാവിന്റെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച പുലർച്ചെ 2.30നുള്ള ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് പോകാൻ എത്തിയതായിരുന്നു. ബദൽസൗകര്യത്തിനായി രാവിലെ 10 വരെ വിമാനത്താവളത്തിൽ  കാത്തുനിന്നെങ്കിലും തിരിച്ചുപോകേണ്ടിവന്നു.

ഇന്ന് തിരുവനന്തപുരം വിമാനത്തിൽ പോകാമെന്നാണ് എയർലൈൻ അറിയിച്ചിരിക്കുന്നത്. 9 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട ചങ്ങനാശേരി സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റുമായ റോസ് പ്രീനയുടെ 2 ദിവസവും നഷ്ടപ്പെട്ടു. തൃശൂർ പെരുമ്പിലാവ് സ്വദേശി മുസ്തഫ സമാന ദുഃഖിതനാണ്. 6 ദിവസത്തെ അവധിക്ക് നാട്ടിൽ പോകാനിരുന്നതാണ്. നാട്ടിൽ പെരുന്നാൾ പന്ത്രണ്ടിനായതിനാൽ അതിന് മുൻപ് എത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. തൃശൂർ ചിറമനങ്ങാട് സ്വദേശി ഖമറുദ്ദീനും പെരുന്നാളിന് നാട്ടിലേക്ക് പോകാൻ 11ന് ഷാർജയിൽനിന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റ് എടുത്ത് കാത്തിരുന്നു.

ഇതുവരെ അറിയിപ്പ് ലഭിക്കാത്തതിനാൽ ആശങ്കയിലാണ് ഇദ്ദേഹം. അത്യാസന്ന നിലയിൽ കഴിയുന്ന അമ്മയെ കാണാൻ ഇന്നു വെളുപ്പിനുള്ള ഷാർജ-കൊച്ചി വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന ആലുവ സ്വദേശി ആശാലതയുടെ യാത്രയും അനിശ്ചിതത്വത്തിലായി. കോട്ടയത്ത് പണിത പുതിയ വീട്ടിൽ താമസത്തിനായി ഇന്നു വെളുപ്പിന് ഷാർജ-കൊച്ചി വിമാനത്തിൽ യാത്ര ചെയ്യാനിരുന്നതാണ് സുജിത്തും കുടുംബവും.

തിരുവനന്തപുരം വഴിയാണെങ്കിലും പോയി ചടങ്ങിൽ പങ്കെടുത്തു വരണമെന്നാണ് ആഗ്രഹം. നാട്ടിൽ അവധിക്കു പോയ ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ തൃശൂർ സ്വദേശി അബ്ദുല്ല അൻസാരി നാളത്തെ  മടക്കയാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ്. നാളെ കൊച്ചിയിൽ നിന്നാണു യാത്ര ചെയ്യാനിരുന്നത്. ഇതേ സമയത്ത് കോഴിക്കോട്ട് നിന്നാകും വിമാനമെന്ന് അറിയിപ്പു കിട്ടി. പെരുമഴയിൽ കോഴിക്കോടു വരെ എങ്ങനെയെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല. ടാക്സിക്കാർ യാത്രയ്ക്കു തയ്യാറാകുന്നില്ല.