ബഷീറിന്റെ കുടുംബത്തിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ്; 10 ലക്ഷം നല്‍കുമെന്ന് യൂസഫലി

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു  മരിച്ച ,സിറാജ് ദിനപത്രം തിരുവനന്തപുരം  ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി . ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം. എ യൂസഫലി അറിയിച്ചു.ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണു  ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീർ മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം ശ്രീറാം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുൻപിലാണ് അപകടമുണ്ടായത്. അതേസമയം അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് റിമാന്‍ഡില്‍ സുഖവാസമാണെന്നാണ് റിപ്പോര്‍ട്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രി മുറിയിലാണ് ശ്രീറാം കഴിയുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയാണെന്നത് മറികടന്ന് ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുന്നുമുണ്ട്. പരുക്ക് സാരമുള്ളതല്ല എന്ന വിവരം പൊലീസും സ്വകാര്യ ആശുപത്രിയും മറച്ചു പിടിക്കുകയാണ്. മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും നടപടിയില്ല.

ശ്രീറാമിന്‍റെ രക്ത പരിശോധന വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്‍റെ അളവ് കണ്ടെത്താനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഫലം ശ്രീറാമിന് അനുകൂലമായേക്കാമെന്ന് കെമിക്കല്‍ എക്സാമിനര്‍ പൊലീസിനെ അറിയിച്ചു. രക്തത്തിലെ മദ്യത്തിന്റെ അംശം കുറയ്ക്കാനുളള മരുന്ന് ശ്രീറാമിന് നല്‍കിയോയെന്നും സംശയമുണ്ട്. ആദ്യഘട്ടത്തില്‍ രക്ത പരിശോധനയ്ക്ക് പൊലീസ് തയാറായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് രക്തസാംപിള്‍ ശേഖരിച്ചത്. 

നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല.  ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പറഞ്ഞു.