സ്പോൺസറുടെ ചതി; മകളുടെ നിശ്ചയത്തിന് നാട്ടിലെത്താനായില്ല; പ്രവാസി മരിച്ചു

സൗദി അറേബ്യയിലെ ദമാമിൽ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച മലപ്പുറം അരീക്കോട്‌ ഊർങ്ങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചു. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദർശനത്തിന് ശേഷം പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഏപ്രിൽ ആറിനാണ് വാസുദേവൻ ദമാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സയുടെ എട്ടാം ദിവസം മരിക്കുകയായിരുന്നു. 

മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നതിൽ വാസുദേവൻ അസ്വസ്ഥനായിരുന്നു. അന്ന് രാത്രിയാണ് മുറിയിൽ കുഴഞ്ഞ് വീണത്. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വർഷം മുമ്പ് സ്പോൺസർഷിപ്പ് മാറിയിരുന്നു. എന്നാൽ, പുതിയ സ്ഥാപനം നിയമക്കുരുക്കിലാവുകയും വാസുദേവന് ഇഖാമ പുതുക്കാനോ നാട്ടിൽ പോവാനോ കഴിയാതെ വരികയും ചെയ്തു. 

ആരോഗ്യ ഇൻഷുറൻസ് കാലാവധി തീർന്നിരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ഭീമമായ സംഖ്യയുടെ ബിൽ അടക്കാനുണ്ടായി. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ആശുപത്രിയധികൃതരുമായും കുടുംബവുമായും ബന്ധപ്പെട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സ്പോൺസറുടെ നിസ്സഹകരണവും രേഖകൾ ഇല്ലാത്തതും തടസ്സമായി. തുടർന്ന് ഇന്ത്യൻ എംബസിയുടെ അനുമതിയോടെയും ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചും വിദഗ്ദ ചികിത്സക്കായി തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. 

ഇതിനിടയിൽ സ്പോൺസർ വാസുദേവനെ ഹുറൂബാക്കുകയും (തൊളിലാളി ഒളിച്ചോടിയതായി പരാതിപ്പെടുക) ചെയ്തിരുന്നു. കൂടാതെ വൻ തുകയുടെ ഹോസ്പിറ്റൽ ബിൽ അടക്കാതെ മൃതദേഹം വിട്ട് നൽകില്ലെന്ന സ്വകാര്യ ആശുപത്രിയുടെ നിലപാടും വിഷയത്തെ സങ്കീർണമാക്കി. തുടർന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ സൗദിയിലെ തൊഴിൽ-ആരോഗ്യ വിഭാഗം അധികാരികളെ സമീപിക്കുകയും ഒട്ടേറെ നിയമ നടപടികൾക്കും ചർച്ചകൾക്കും ശേഷം മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ തയാറാവുകയും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. ഗിരിജയാണ് മരിച്ച വാസുദേവന്റെ ഭാര്യ. അശ്വനി, അശ്വിൻ എന്നിവർ മക്കളാണ്.