കുവൈത്തിൽ ഐഡി കാർഡിൽ പിഴവുണ്ടായാൽ വിദേശികൾക്ക് യാത്ര അനുവദിക്കില്ല

കുവൈത്തിൽ സിവിൽ ഐഡി കാർഡിലെ വിവരങ്ങളിൽ പിഴവുണ്ടായാൽ വിദേശികൾക്ക് യാത്ര അനുവദിക്കില്ലെന്നു അധികൃതർ. പാസ്പോർട്ടിലേയും സിവിൽ ഐഡിയിലേയും വിവരങ്ങൾ തുല്യമാണെന്നു ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കിയതോടെ പാസ്പോർട്ടിലെ വിവരങ്ങൾ അറിയുന്നതിന് സിവിൽ ഐഡി കാർഡ് ആണ് വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധിക്കുന്നത്. അതിനാൽ വിവരങ്ങൾ കൃത്യമായിരിക്കണമെന്നാണ് നിർദേശം. പേര് ഇംഗ്ലീഷിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അക്ഷര തെറ്റുകൾ പോലും യാത്രയെ ബാധിച്ചേക്കാം. സ്വദേശികളായ അറബ് പൌരൻമാർ മലയാലികളുടെ വീട്ടുപേരുകളും കുടുംബപേരുകളും ഇംഗീളീഷിൽ എഴുതുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ അതീവശ്രദ്ധയോടെ തിരുത്തണം. പുതിയനിയമപ്രകാരം സിവിൽ ഐഡി യാത്രാരേഖ കൂടിയാണ്. പാസ്പോർട്ടിലേയും ഐഡി കാർഡിലേയും വിവരങ്ങൾ തമ്മിൽ ചേർച്ചയില്ലെങ്കിൽ കംപ്യൂട്ടർ റീഡിങ് സാധ്യമാകില്ല. അതേസമയം, വിദേശികൾ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങും. ഇഖാമ കാലാവധി അവസാനിക്കാറായവർ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുൻപ് ഐഡി പുതുക്കണമെന്നാണ് നിർദേശം. കാലാവധി തീരുന്നതിനു രണ്ടു മാസം മുൻപ് തന്നെ ഇഖാമ പുതുക്കാൻ അനുവദിക്കും.