ദുബായിൽ ഇനി ഡ്രൈവർരഹിത സ്കൈ പോ‍ഡ്സും; 150 കി.മീ വേഗം; ആകാശപ്പറക്കൽ

പൊതു ഗതാഗത രംഗത്ത് അനുദിനം പരീക്ഷണങ്ങൾ നടത്തുന്ന ദുബായിൽ യാത്രയ്ക്ക് ഇനി ഡ്രൈവർരഹിത സ്കൈ പോ‍ഡ്സും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗൺസിൽ, ദുബായ് ഫ്യൂചർ ഫൗണ്ടേഷൻ ട്രസ്റ്റി എന്നിവയുടെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ലോകത്തെ ആദ്യത്തെ സ്കൈപോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീൻടെക് കമ്പനിയാണ് സ്കൈ പോ‍ഡ്സിന് പിന്നിൽ

ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലായിരുന്നു ഭരണാധികാരികളുടെ പരിശോധന. വാഹനത്തിന്റെ രണ്ടു മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചു. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോ‍ഡ്സിലെത്തിയത്. ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ സ്കൈപോ‍ഡ്സിനെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിന് വിശദീകരിച്ചു. 

മറ്റു വാഹനങ്ങളുടെയത്രയും യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്കൈപോഡ്സിന് എന്നാൽ അത്രത്തോളം സ്ഥലം ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ച് മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. ആകാശപാതയിലൂടെ സ്റ്റീൽ ചക്രങ്ങളിലൂടെ മണിക്കൂറിൽ 150 കിലോ മീറ്റർ വേഗത്തിലായിരിക്കും സഞ്ചാരം. ഒതുങ്ങിയ പ്രകൃതക്കാരനാണ് ആദ്യത്തെ സ്കൈ പോഡ്സ്. രണ്ടാമത്തെ മോ‍ഡൽ യൂണികാർ. ദീർഘയാത്രയ്ക്കാണ് ഇതുപകരിക്കുക. രണ്ടിലും നാലു മുതൽ ആറ് വരെ സീറ്റുകളുണ്ടായിരിക്കും. 2030 നകം സ്കൈപോഡ്സ് ദുബായിൽ ആകാശസഞ്ചാരം നടത്താനാണ് സാധ്യത. നിലവിൽ ദുബായിൽ മെട്രോ ട്രെയിനും ട്രാമും സർവീസ് നടത്തുന്നുണ്ട്.