ആ നൂറുപേരിൽ ഒരാളായി സ്റ്റീവ്; തീരാനോവിനിടയിൽ ആശ്വാസമായി മാർപാപ്പ

അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയെ അടുത്തുകണ്ടു ആശീർവാദം സ്വീകരിക്കാനൊരുങ്ങുകയാണ് സെറിബ്രൽ പാർസി ബാധിച്ച മലയാളി കുരുന്ന്. സെൻറ് ജോസഫ് കത്തീഡ്രലിൽ മാർപാപ്പ വ്യക്തിപരമായി കാണുന്ന നൂറു പേരിലൊരാളാണ് പത്തനംതിട്ട സ്വദേശികളായ ബൈജുവിൻറേയും ലിനുവിൻറേയും മകൻ സ്റ്റീവ് ബൈജു. 

ദൈവം തന്ന നന്‍മകളെ അതേപോലെ സ്വീകരിക്കാൻ സൌമനസ്യം കാണിച്ചതിനു ഈ മാതാപിതാക്കൾക്കു ലഭിച്ച സൌഭാഗ്യമാണ് ക്രിസ്തുവിൻറെ പ്രതിപുരുഷനെന്നു ലോകം വാഴ്ത്തുന്ന മാർപാപ്പയെ നേരിട്ടു കാണാൻ അവസരം. അതു ലഭിച്ചതാകട്ടെ സെറിബ്രൽ പാർസിയെന്ന രോഗം കാരണം കടുത്ത വിഷമതകളനുഭവിക്കുന്ന മകൻ സ്റ്റീവിലൂടെയും. ഇന്നു അബുദാബി സെൻറ് ജോസഫ് കത്തീഡ്രലിൽ മാർപാപ്പയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ് പത്തനംതിട്ട കടമ്മനിട്ട സ്വദേശികളും അബുദാബിയിൽ സ്ഥിരതാമസക്കാരുമായ ഈ കുടുംബം. രോഗികളും പ്രായമായവരും കുട്ടികളുമുൾപ്പെടെ നൂറോളം പേരെയാണ് മാർപാപ്പ കത്തീഡ്രലിൽ വ്യക്തിപരമായി കാണുന്നത്. അതിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു ദൈവാനുഗ്രഹമാണെന്നാണ് ഈ മാതാപിതാക്കളുടെ വിശ്വാസം.

പത്തുവയസായ സ്റ്റീവിനു ഒറ്റയ്ക്കു നടക്കാനോ ഇരിക്കാനോ പറ്റില്ല. മാതാപിതാക്കളുടെ നന്മനിറഞ്ഞ മനസാണ് സ്റ്റീവിൻറെ ജീവിതബലം.  ആ മനസിനു ദൈവം നൽകിയ അനുഗ്രഹമാണ് മാർപാപ്പയെ നേരിൽ കാണാനുള്ള സൌഭാഗ്യമെന്നു വിശ്വസിച്ചു കാത്തിരിക്കുകയാണ് സ്റ്റീവിനൊപ്പം സാറയും ക്രിസുമൊക്കെ ഉൾപ്പെടുന്ന ഈ കുടുംബം.