റിയാദ് മെട്രോ പദ്ധതിയുടെ ട്രെയിന്‍ ബോഗികള്‍ എത്തി; 24 മണിക്കൂറും പരീക്ഷണ ഓട്ടം നടത്തും

റിയാദ് മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ബോഗികള്‍ എത്തിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കും.

നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ റിയാദ് മെട്രോയില്‍ സര്‍വീസ് നടത്തുന്നതിനുളള  ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മന്‍ നിര്‍മിത ബോഗികള്‍ ഉപയോഗിച്ച് 24 മണിക്കൂറും പരീക്ഷണ ഓട്ടം നടത്തുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് മെട്രോ ട്രെയിന്‍ ബോഗികള്‍ക്കുളളത്. ഡ്രൈവറില്ലാതെ സഞ്ചരിക്കാനാകുമെന്നതാണ് പ്രധാനപ്രത്യേകത. അഗ്നിയെ പ്രതിരോധിക്കാന്‍ ശേഷിയുളള അലൂമിനിയം ഉപയോഗിച്ചാണ് ബോഗികള്‍ നിര്‍മിച്ചിട്ടുളളത്. 

1.4 മീറ്റര്‍ നീളമുള്ള മൂന്ന് ഡോറുകളാണ് ഓരോ ബോഗിയിലും ഉളളത്. 176 കി.മീ ദൈര്‍ഘ്യത്തില്‍ ആറു ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മാണം. സുരക്ഷയുടെ ഭാഗമായി എല്ലാ യാത്രക്കാരുടേയും ദൃശ്യങ്ങൾ പകർത്താൻ ക്യാമറാ സംവിധാനം, മണിക്കൂറില്‍ 90. കിമീ വേഗത എന്നതെല്ലാം റിയാദ് മെട്രോയുടെ പ്രത്യേകതയാണ്. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഘട്ടം പൂർത്തിയാക്കും. 2021 ൽ ആറു ലൈനുകളിലും മെട്രോ ഓടിത്തുടങ്ങും. 2014 ഏപ്രിലിലാണ് മെട്രോ നിർമാണം തുടങ്ങിയത്.