ആരും നിയമത്തിന് അതീതരല്ല; ഓർമ്മപ്പെടുത്തി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ആരും നിയമത്തിന് അതീതരല്ലെന്ന ഓർമപ്പെടുത്തലോടെ ഭരണ തത്വങ്ങൾ വെളിപ്പെടുത്തി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഭരണമേറ്റെടുത്തതിന്റെ അൻപതാം വാർഷികദിനത്തോടനുബന്ധിച്ചാണ്  ദുബായിയെ മുന്നോട്ടുനയിക്കുന്ന എട്ട് ഭരണതത്ത്വങ്ങൾ ട്വിറ്ററിലൂടെ വിശദീകരിച്ചത്.

ദുബായ് യു.എ.ഇ.യുടെ അവിഭാജ്യഘടകവും ഫെഡറേഷന്റെ നെടുംതൂണുമാണ്‌. എമിറേറ്റിന്റെയും യു.എ.ഇ.യുടെയും താത്പര്യങ്ങൾ പരസ്പരപൂരകമാണ്. അതിനാൽ  യൂണിയന്റെ താത്പര്യങ്ങൾ സ്വന്തം  താത്പര്യങ്ങൾക്ക് മുകളിലായി കാണണമെന്നും യൂണിയന്റെ നയങ്ങൾ എല്ലാവരുടെയും  നയങ്ങളായിരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ്  വ്യക്തമാക്കുന്നു. ആരും നിയമത്തിനതീതരല്ല എന്നതാണ് രണ്ടാമത്തെ ഭരണതത്വം. 

പൗരന്മാരും പ്രവാസികളും സ്ത്രീകളും പുരുഷൻമാരും മുസ്‌ലിങ്ങളും അമുസ്ലിങ്ങളും എല്ലാവരും ഒരുപോലെയാണ്. വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്നും ഷെയ്ഖ് മുഹമ്മദ്  വ്യക്തമാക്കുന്നു. സാമ്പത്തികാഭിവൃദ്ധിയിലൂടെ ആളുകൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കുകയാണ് ദുബായിയുടെ ലക്ഷ്യമെന്ന് മൂന്നാംതത്ത്വം വിശദമാക്കുന്നു. മൂന്ന് കാര്യങ്ങളാണ് ദുബായിയുടെ വളർച്ചയുടെ ഘടകങ്ങളായി നാലാം തത്ത്വത്തിൽ പറഞ്ഞിരിക്കുന്നത്. 

മികച്ച ഭരണാധികാരികൾ, സജീവമായ സുതാര്യമായ സ്വകാര്യമേഖല, പൊതു- സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ എന്നിവയാണത്. സഹിഷ്ണുതയോടെ, തുറന്നമനസ്സോടെ, പരസ്പര ബഹുമാനത്തോടെ, പക്ഷപാതവും വിവേചനവും ഇല്ലാതെ ജീവിക്കുന്ന സവിശേഷ വ്യക്തിത്വമുള്ള ഒരു സമൂഹമാണ് ദുബായിയുടേതെന്ന് അഞ്ചാം തത്ത്വം പറയുന്നു. 

സാമ്പത്തിക വൈവിധ്യവത്കരണമാണ് ദുബായിയുടെ ലക്ഷ്യമെന്നും ദുബായിയുടെ വികസനപദ്ധതികളെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്നുമാണ് ആറാമതായി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഭകളെ അംഗീകരിക്കുന്ന നഗരമാണ് ദുബായ്. ഇത് തുടരാനുള്ള സാഹചര്യവും നയങ്ങളും ഒരുക്കുമെന്നാണ് ഏഴാം തത്ത്വം പറയുന്നത്.

നിലവിലെ ആഗോള സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളൊന്നും വരുംതലമുറയുടെ ഭാവി നിർണയിക്കുന്നതാകരുത്. അതുകൊണ്ടുതന്നെ വരുംതലമുറയ്ക്കായി വിലപിടിപ്പുള്ള ആസ്തികൾ സൃഷ്ടിക്കാനും നിക്ഷേപിക്കാനും ദുബായ് ശ്രമിക്കുമെന്നാണ് എട്ടാമതായി പറയുന്നത്. എമിറേറ്റിൽ പ്രധാന ചുമതലകൾ നിർവഹിക്കുന്ന എല്ലാവരും ഈ തത്ത്വങ്ങൾ പാലിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.