ന​ഗ്നതാ പോസ്റ്റുകൾ: നാല് സെലിബ്രിറ്റികൾക്ക് പിഴ ചുമത്തി സൗദി അറേബ്യ

Untitled design - 1
SHARE

ന​ഗ്നത ഉൾപ്പടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാൽ (ഏകദേശം 1.06 ലക്ഷം ഡോളര്‍) പിഴ ചുമത്തുകയും ചെയ്തു. എന്നാൽ ഈ സെലിബ്രിറ്റികളുടെ ഐഡൻ്റിറ്റി അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൗദിയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നാല് പേർക്കുമെതിരെ നടപടി കൈക്കൊണ്ടത്.  

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം സൗദി അധികൃതർ വിശദമായി നിരീക്ഷിക്കുന്നുണ്ട്. പ്രൈവറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ വഴി വാണിജ്യ പരസ്യം നല്‍കി മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിച്ചതായി സൗദിയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇവരുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. 

വ്യക്തികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സൗദി ​ഭരണകൂടത്തിന് വിപുലമായ സൗകര്യങ്ങളാണുള്ളത്. എല്ലാ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും സൗദി അറേബ്യ എന്ന രാജ്യത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കർശന നടപടികൾ കൈക്കൊള്ളുന്നതും പിഴ ഈടാക്കുന്നതും.  

സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിന്റെ പേരില്‍ സെലിബ്രിറ്റികള്‍ക്കെതിരെ സൗദി നടപടിയെടുക്കുന്നത് ഇതാദ്യമല്ലെന്ന് സബ്ക് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുൻപും സമാനമായ സംഭവങ്ങളിൽ കർശന നടപടി കൈക്കൊണ്ടിട്ടുണ്ട്. 

Social media influencers fined in Saudi Arabia

MORE IN GULF
SHOW MORE