യു.എ.ഇയുടെ ഫെഡറൽ ഉപദേശകസമിതിയിൽ അൻപതു ശതമാനം വനിതാ സംവരണം

യു.എ.ഇയുടെ ഫെഡറൽ ഉപദേശകസമിതിയിൽ അൻപതു ശതമാനം വനിതാ സംവരണം ഉറപ്പാക്കും. സമിതി അടുത്തവർഷം പുന:സംഘടിപ്പിക്കുമ്പോൾ വനിതാ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാൻ നിർദേശിച്ചു.  

യു.എ.ഇയിലെ എല്ലാ സുപ്രധാന മേഖലകളിലും വനിതകളുടെ ഉന്നമനത്തിനും ഫലപ്രദമായ പങ്കാളിത്തത്തിനും ഊന്നൽ നൽകാനാണ് തീരുമാനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കുന്നു. യു.എ.ഇയുടെ വികസനപദ്ധതികളെക്കുറിച്ചും പൊതു പ്രശ്നങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താൻ അധികാരമുള്ള ഫെഡറൽ നാഷണൽ കൌൺസിലിലാണ് വനിതാ പ്രതിനിധ്യം അൻപതുശതമാനമാക്കാൻ യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാൻ നിർദേശിച്ചിരിക്കുന്നത്. ബജറ്റ്, ബില്ലുകൾ തുടങ്ങിയവയെക്കുറിച്ച് ഭരണകൂടം അഭിപ്രായം തേടുന്ന സമിതിയാണിത്. നിലവിൽ ഇരുപത്തിരണ്ടുശതമാനമാണ് വനിതാ പ്രാതിനിധ്യം. 

നാൽപ്പതംഗ സമിതിയുടെ നിലവിലെ അധ്യക്ഷ അമൽ അൽ ബുബസിയെന്ന വനിതയാണ്. ഇരുപത് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ഇരുപതുപേരെ ഏഴ് എമിറേറ്റുകളിൽ നിന്നുള്ള ഭരണകർത്താക്കൾ നേരിട്ട് നിയമിക്കുകയുമാണ് പതിവ്. രണ്ടായിരത്തിപതിനഞ്ചിലാണ് സമിതിയിലേക്ക് ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നത്. നാലു വർഷമാണ് അംഗങ്ങളുടെ കാലാവധി.