ഒമാനിലെ വീസ നിരോധനം ആറു മാസത്തേക്ക് കൂടി നീട്ടി; ലക്ഷ്യം സ്വദേശിവൽക്കരണം

ഒമാനിൽ വിവിധ ജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വീസ നിരോധനം ആറു മാസത്തേക്ക് കൂടി നീട്ടി. മൂന്നു വിഭാഗങ്ങളിലായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി വ്യക്തമാക്കി. 

ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് വിദേശികൾക്ക് വീസ നൽകേണ്ടതില്ലെന്ന തീരുമാനം നീട്ടുന്നത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലകളിലേക്കുള്ള  വിദേശികളുടെ വീസ നിയന്ത്രണം ഈ മാസം മുപ്പതു മുതൽ ആറു മാസത്തേക്ക് തുടരും. നിർമാണ മേഖല, ക്ളീനർമാർ എന്നിവർക്കുള്ള നിയന്ത്രണം ഡിസംബർ രണ്ടു മുതൽ ആറു മാസത്തേക്ക് തുടരുമെന്ന് മാനവവിഭവ ശേഷി വകുപ്പ് വ്യക്തമാക്കി. ആശാരി, ലോഹ സംസ്‌കരണവിദഗ്‌ദ്ധന്‍, കൊല്ലൻ, ചൂള തുടങ്ങിയ മേഖലകളിലേക്ക് വിദേശികൾക്കുള്ള നിയന്ത്രണം അടുത്തവർഷം ജനുവരി രണ്ടു മുതൽ ആറു മാസത്തേക്ക് വീണ്ടും നീട്ടും.

രണ്ടായിരത്തിപതിമൂന്നിലാണ് ഒമാനിൽ വീസ നിയന്ത്രണം ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ഘട്ടംഘട്ടമായി അത് തുടരുകയായിരുന്നു. അതേസമയം, 87 തൊഴിൽ മേഖലകളിലെ വീസകൾക്ക് കഴിഞ്ഞ ജനുവരിയിൽ പ്രാബല്യത്തില്‍ വന്ന നിയന്ത്രണവും തുടരുകയാണ്. ആറ് മാസത്തേക്കായിരുന്നു നിയന്ത്രണമെങ്കിലും പിന്നീട്, ജൂണിൽ ആറു മാസത്തേക്കു കൂടി നീട്ടി. സ്വദേശികള്‍ക്ക് നിരവധി അവസരങ്ങളാണ് വീസാ നിരോധന നടപടികളിലൂടെ കൈവന്നതെന്നാണ് മാനവവിഭവ ശേഷി വകുപ്പിൻറെ വിലയിരുത്തൽ.