ചോരക്കുഞ്ഞിനെ ജനിച്ചയുടൻ കൊന്നു; ഫിലിപ്പീൻ യുവതിയ്ക്ക് ദുബായിൽ കടുത്ത ശിക്ഷ

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ജനിച്ചയുടൻ ശുചിമുറിയിൽ വച്ചു കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻ സ്വദേശിയായ യുവതിക്ക് കടുത്ത ശിക്ഷ. 33 വയസ്സുള്ള വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവു ശിക്ഷ (25 വർഷം)യാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. മനഃശാസ്ത്ര വിദഗ്ദർ യുവതിയെ പരിശോധിക്കുകയും ഇവരുടെ മനോനിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും വ്യക്തമാക്കി. ആൺ കുഞ്ഞിന്റെ വായിൽ തുണിതിരുകിയാണ് കൃത്യം നടത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ലാറ്റിലാണ് സംഭവം.

കേസിൽ ഏറെ നിർണായകമായത് ഫിലിപ്പീൻ യുവതിയുടെ സ്പോൺസറുടെ സഹോദരിയും എയർ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ്. ‘സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിൻ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്ലാറ്റിൽ കണ്ടു. കാര്യം തിരക്കിയപ്പോൾ, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു പറഞ്ഞു. തുടർന്ന് ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു.

അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു. ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും’– സ്പോൺസറുടെ സഹോദരി കോടതിയിൽ പറഞ്ഞു.

നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗിൽ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫൊറൻസിക് പരിശോധനയിൽ ജനിച്ച കുഞ്ഞ് ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. 15 ദിവസത്തിനുള്ളിൽ യുവതിക്ക് വിധിയിൽ അപ്പീൽ പോകാം.