മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കുവൈത്തിൽ വീണ്ടും കനത്ത മഴ

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കുവൈത്തിൽ വീണ്ടും കനത്ത മഴ. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് മുന്നറിയിപ്പ്. അതിനിടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ കുവൈത്തിലേക്ക് പോകുന്ന പൌരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി

കഴിഞ്ഞ ആഴ്ചത്തെ കനത്തമഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനിടെയാണ് മഴ വീണ്ടും കനക്കുന്നത്. മംഗഫ്, ഫഹാഹീൽ, അഹമ്മദി തുടങ്ങി പല മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വൈദ്യുതമന്ത്രി ബഖീത് അൽ റാഷിദി അറിയിച്ചു. മഴ തുടരുമെന്നതിനാൽ റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടാകുമെന്നും കാൽനട യാത്രക്കാരും വാഹനം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. അറുപതു കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മഴ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക മന്ത്രാലയത്തിന് കീഴിലെ ഹാളുകളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളായി തുടരുകയാണ്. അതേസമയം, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ കുവൈത്തിലുള്ള പൌരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി.